
ദില്ലി: കേരളത്തിനുള്ള ഗോതമ്പിന്റെ വിഹിതം കുറച്ചത് സംസ്ഥാന സർക്കാരിന്റെ അറിവും സമ്മതത്തോടും കൂടിയെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ. ലോക‍്‍സഭയിൽ പാലക്കാട് എംപി, വി.കെ.ശ്രീകണ്ഠന് നൽകിയ മറുപടിയിലാണ് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന മറുപടി മന്ത്രി നൽകിയത്. മെയ് മാസത്തിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കുള്ള ഗോതമ്പിന്റെ വിഹിതം കേന്ദ്രം കുറച്ചത്. ദേശീയ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ഭക്ഷ്യ സുരക്ഷ സ്കീം പ്രകാരമായിരുന്നു നടപടി. ഗോതമ്പ് വിഹിതം വെട്ടിക്കുറച്ചതിനെതിരെ കേരളം രൂക്ഷമായി പ്രതികരിച്ചിരുന്നു.
പിയുഷ് ഗോയൽ ലോക‍്‍സഭയെ അറിയിച്ചത്...
വിതരണത്തിന് വേണ്ടിയുള്ള സ്റ്റോക്ക് സ്ഥാപിക്കുന്നതിനും, അതിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനും അതാത് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കൂടിയാലോചന നടത്തിയ ശേഷം മാത്രമേ കേന്ദ്രം പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളൂ. കേരളത്തിന്റെ ആവശ്യപ്രകാരം ടൈഡ് - ഓവർ വിഭാഗത്തിന് കീഴിൽ 2023 മാർച്ച് വരെയുള്ള കാലയളവിലേക്ക് ഗോതമ്പിന്റെ കൂടുതൽ വിഹിതത്തിന് പകരം തുല്യമായ അരിയാണ് അനുവദിച്ചതെന്നും പിയുഷ് ഗോയൽ വ്യക്തമാക്കി.
സംസ്ഥാന സർക്കാറിന്റെ സമ്മതത്തോടുകൂടി തന്നെയാണ് കേന്ദ്രം കേരളത്തിന്റെ ഗോതമ്പ് വിഹിതം വെട്ടി കുറച്ചിരിക്കുന്നത് എന്നുള്ളത് മന്ത്രി നൽകിയ ഉത്തരത്തിൽ നിന്നും വ്യക്തമാണെന്ന് വി.കെ.ശ്രീകണ്ഠൻ ആരോപിച്ചു. ഇതുമറച്ച് വച്ചാണ് ഗോതമ്പിന്റെ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടിയെ ചോദ്യം ചെയ്യുകയും കുറ്റപ്പെടുത്തുകയും സംസ്ഥാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷ്യ പ്രതിസന്ധി രൂക്ഷം; 1.8 ദശലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ചെയ്യാൻ തയ്യാറായി ഇന്ത്യ
ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലേക്ക് 1.8 ദശലക്ഷം ടൺ ഗോതമ്പ് കയറ്റി അയയ്ക്കാനുള്ള അനുമതി നൽകുമെന്ന് വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം. വിവിധ രാജ്യങ്ങളുടെ അപേക്ഷയെ മാനിച്ചാണ് പുതിയ നടപടി. റഷ്യ - യുക്രെയ്ൻ യുദ്ധം കാരണം ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞിരുന്നു.
ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരുമായിരുന്ന റഷ്യയും ഉക്രൈനും യുദ്ധം ആരംഭിച്ചതോടുകൂടി ആഗോള വിപണിയിലേക്കുള്ള ഗോതമ്പിന്റെ ഒഴുക്ക് നിലച്ചു എന്നുതന്നെ പറയാം. പിന്നീട് ലോകത്തെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദനക്കാരായ ഇന്ത്യയിലായിരുന്നു മറ്റു രാജ്യങ്ങളുടെ പ്രതീക്ഷ. എന്നാൽ ആഭ്യന്തര വിപണിയിൽ വില റെക്കോർഡ് കടന്നതോടുകൂടി മെയ് 13 ന് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചു. ഇതോടെ ആഗോള വിപണിയിൽ വീണ്ടും വില ഉയർന്നു. ഇന്ത്യയോട് പല രാജ്യങ്ങളും ഗോതമ്പിനായി അഭ്യർത്ഥന നടത്തിയിരുന്നു. യുഎഇയും ഒമാനും ഈജിപ്തും എല്ലാം ഇതിലുൾപ്പെടും. ഭക്ഷ്യ പ്രതിസന്ധിയെ തുടർന്ന് പത്തിലധികം രാജ്യങ്ങളാണ് ഇന്ത്യയോട് ഗോതമ്പ് ആവശ്യപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam