സംസ്ഥാന ടെന്നീസ് താരം രാധികയെ അച്ഛൻ വെടിവെച്ച് കൊലപ്പെടുത്തി; ദാരുണ സംഭവം ഗുരുഗ്രാമിൽ

Published : Jul 10, 2025, 06:28 PM IST
radhika yadav death

Synopsis

വ്യാഴാഴ്ച രാവിലെ 10.30ഓടെ ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ സുശാന്ത് ലോക് രണ്ടാം ഫേയ്സിലെ വീട്ടിൽ വെച്ചാണ് സംഭവം

ദില്ലി: ഗുരുഗ്രാമിൽ സംസ്ഥാന തല ടെന്നീസ് താരമായ യുവതിയെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി.25കാരിയായ രാധിക യാദവ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10.30ഓടെ ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ സുശാന്ത് ലോക് രണ്ടാം ഫേയ്സിലെ വീട്ടിൽ വെച്ചാണ് സംഭവം. 

വീട്ടിലെ ഒന്നാം നിലയിൽ വെച്ച് രാധികയുടെ പിതാവ് അഞ്ചു തവണയാണ് വെടിയുതിര്‍ത്തത്. ഇതിൽ മൂന്നെണ്ണം രാധികയുടെ ശരീരത്തിൽ പതിക്കുകയായിരുന്നു. സ്വന്തമായി ഉപയോഗിച്ചിരുന്ന തോക്ക് ഉപയോഗിച്ചാണ് രാധികയുടെ പിതാവ് വെടിയുതിര്‍ത്തത്. വെടിവെപ്പുണ്ടായ ഉടനെ ശബ്ദം കേട്ടെത്തിയവര്‍ രാധികയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ രാധിക ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ രാധികയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്കും പൊലീസ് പിടിച്ചെടുത്തു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംസ്ഥാന തലത്തിൽ നിരവധി ടെന്നീസ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള രാധിക നിരവധി മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 

ആശുപത്രിയിൽ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്നും യുവതിയുടെ അമ്മാവനുമായി സംസാരിച്ചെങ്കിലും കൂടുതൽ വിവരം ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അറിയപ്പെടുന്ന ടെന്നീസ് താരമായ രാധിക സ്വന്തമായി ടെന്നീസ് അക്കാദമിയും നടത്തിയിരുന്നു. ഇവിടെ മറ്റു താരങ്ങള്‍ക്ക് പരിശീലനം നൽകിയിരുന്നു.

സംഭവം നടന്ന വീട്ടിലെ ഒന്നാം നിലയിൽ പൊലീസെത്തി പരിശോധന നടത്തി. തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം രാധികയുടെ മൃതദേഹം വിട്ടുനൽകും.

അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍റെ 113ാം റാങ്കുള്ള ഡബിള്‍സ് താരമാണ് രാധിക യാദവ്. ഹരിയാനയിലെ വനിതകളുടെ ഡബിള്‍സിൽ അഞ്ചാം റാങ്കാണ് രാധികക്കുള്ളത്. സാമൂഹിക മാധ്യമങ്ങളിൽ റീലുകളടക്കമിട്ട് രാധിക സജീവമായിരുന്നു.

സാമൂഹിക മാധ്യമത്തിലിട്ട റീലിനെ ചൊല്ലി രാധികയും പിതാവും തമ്മിൽ തര്‍ക്കമുണ്ടായതായാണ് വിവരം. തര്‍ക്കത്തിനിടെ പ്രകോപിതനായി രാധികയുടെ പിതാവ് തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അതേസമയം, കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം  അന്വേഷിച്ചുവരുകയാണെന്നാണ് പൊലീസ് പറയുന്നത്.വളരെയധികം കഴിവുള്ള താരമായിരുന്നു രാധികയെന്നും തീരാ നഷ്ടമാണെന്നും മുൻ കോച്ച് മനോജ് ഭരത്വാജ് പറ‍ഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം