
കല്യാൺ: കല്ല്യാൺ-ഷിൽ റോഡിലെ പാലാവാ പാലം ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കകം അടച്ചതും പിന്നീട് തുറന്നതും മഹാരാഷ്ട്രയിൽ വിവാദമാകുന്നു. ജൂലൈ നാലിന് ലളിതമായ ചടങ്ങിൽ എംഎൽഎ രാജേഷ് മോറെയുടെയും ഏതാനും ശിവസേന (ഷിൻഡെ വിഭാഗം) പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് പൊതുജനങ്ങൾക്കായി പാലം തുറന്നുകൊടുത്തത്. എന്നാല്‍, അപകടങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽ അടയ്ക്കുകയായിരുന്നു.
ഏകദേശം 40 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലമാണിത്. സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് അടച്ച പാലം, പിന്നീട് റോഡിൽ ചെറിയ മെറ്റൽ വിരിച്ച് അധികൃതർ വീണ്ടും തുറന്നു. എന്നാൽ, അപ്പോഴേക്കും ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന, മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ഭരണകക്ഷിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഗതാഗതക്കുരുക്കിന് പ്രധാന പരിഹാരമായി ഉയർത്തിക്കാട്ടിയാണ് ഈ മേൽപ്പാലം നിര്‍മ്മിച്ചത്. ഇപ്പോൾ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ 'സ്കിഡിംഗ് സോൺ' എന്ന പേരിൽ വിമർശനം ഏറ്റുവാങ്ങുകയാണ്. ചെളി നിറഞ്ഞ ഭാഗങ്ങൾ, സിമന്‍റ് പാടുകൾ, നിരപ്പല്ലാത്ത ടാർ എന്നിങ്ങനെ അപകടക്കെണിയാകാൻ പാലത്തിൽ ഒരുപാട് കാരണങ്ങളുണ്ട്. നിലവാരമില്ലാത്ത നിർമ്മാണത്തെയും തിടുക്കപ്പെട്ടുള്ള ഉദ്ഘാടനത്തെയും ചൊല്ലി പ്രതിപക്ഷ പാർട്ടികൾ ഭരണകക്ഷിയായ ശിവസേന (ഷിൻഡെ വിഭാഗം) യെ കടന്നാക്രമിക്കുകയാണ്.
മുൻ എംഎൻഎസ് എംഎൽഎ പ്രമോദ് രത്തൻ പാട്ടീൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ അതിവേഗം തന്നെ വൈറലായി. മഴയിൽ ടാര്‍ ഒലിച്ചുപോയി ഉണ്ടായ കുഴികളും മെറ്റലും വ്യക്തമാക്കുന്ന വീഡിയോയായിരുന്നു അത്. നിർമ്മാണത്തിന്‍റെ ഗുണനിലവാരത്തെ പ്രമോദ് വിമർശിക്കുകയും, നിർമ്മാണം പൂർത്തിയാകാത്ത പാലം തുറക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തു.
ഇതിന് മറുപടിയായി, ഷിൻഡെ വിഭാഗം പാലത്തിലൂടെ വാഹനങ്ങൾ പോകുന്നതിന്‍റെ വീഡിയോ പുറത്തുവിടുകയും പാലം നല്ല നിലയിലാണെന്ന് അവകാശപ്പെടുകയും ചെയ്തു. പിന്നാലെ എംഎൽഎ രാജേഷ് മോറെ നിർമ്മാണത്തെ ന്യായീകരിച്ച് രംഗത്ത് എത്തി. കല്ല്യാൺ-ഷിൽ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എംപി ഡോ. ശ്രീകാന്ത് ഷിൻഡെയുടെ ശ്രമഫലമായാണ് ഈ പാലം നിർമ്മിച്ചത്. വാഹനഗതാഗതത്തിനായി ഇത് തുറന്നുകൊടുക്കുന്നു, പൗരന്മാർ സന്തുഷ്ടരാകുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ പ്രതിപക്ഷത്തോട് പറയാൻ ആഗ്രഹിക്കുന്നു, ഞങ്ങൾ ട്വീറ്റുകളിലൂടെ മാത്രം വിമർശിക്കുന്നവരല്ല, ഞങ്ങൾ നേരിട്ട് ജോലികൾ പരിശോധിക്കുകയും ഫലങ്ങൾ കാണിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിവാദങ്ങൾ ആളിക്കത്തിച്ച്, അഷാധി ഏകാദശി സന്ദർശന വേളയിൽ വെറും 20 കിലോമീറ്റർ ദൂരമുള്ള താനെയിൽ നിന്ന് കല്യാണിലേക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്ത ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെയും പ്രമോദ് രത്തൻ പാട്ടീൽ ലക്ഷ്യമിട്ടു. വെറും 20 കിലോമീറ്റർ യാത്രയ്ക്ക് ഹെലികോപ്റ്റർ ആവശ്യമായിരുന്നോ? അദ്ദേഹം ഈ പാലത്തിലൂടെ യാത്ര ചെയ്തിരുന്നെങ്കിൽ അതിന്‍റെ ശോച്യാവസ്ഥ നേരിൽ കാണാമായിരുന്നു. ഒരു കാലത്ത് സ്വന്തം പ്രിയപ്പെട്ടവരുടെ ജോലികൾക്കായി അദ്ദേഹം താഴെയിറങ്ങി വന്നു. ഇപ്പോൾ പൊതുജനങ്ങളുടെ പ്രശ്നങ്ങളും താഴെയിറങ്ങി കാണേണ്ട സമയമായെന്നും പ്രമോദ് പാട്ടീൽ പറഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി പാലാവാ പാലത്തിന്‍റെ നിർമ്മാണം നടക്കുകയാണ്. ഇത് കല്ല്യാൺ-ഷിൽ റോഡിലെ നിത്യയാത്രക്കാർക്ക് വലിയ ഗതാഗത പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.