
ദില്ലി: രാജ്യത്തെ സൗജന്യ ഭക്ഷ്യധാന്യ വിതരണം തുടരാൻ കേന്ദ്രത്തിന് മേൽ സമ്മർദ്ദം.പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGK) അവസാനിപ്പിക്കരുതെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം പദ്ധതി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി സെപ്തംബറിൽ അവസാനിക്കാനിരിക്കെ ആണ് പദ്ധതി നീട്ടണമെന്ന് ആവശ്യമുയരുന്നത്. രാജ്യത്താകെ 71 ലക്ഷം കുടുംബങ്ങളാണ് പിഎംജികെ പദ്ധതിയുടെ ഗുണഭോക്താക്കൾ. 2020ൽ 3 മാസത്തേക്ക് തുടങ്ങിയ പദ്ധതിഇതിനോടകം പലതവണ നീട്ടിയിരുന്നു. നവംബറിലാണ് പദ്ധതി അവസാനമായി നീട്ടിയത്.
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2020 മാർച്ച് മാസത്തിൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം രാജ്യത്തെ ജനങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക‍്‍ഡൗൺ പ്രഖ്യാപിച്ചത് രാജ്യത്തെ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന് പിന്നാലെയാണ് സൗജന്യ റേഷൻ നൽകുന്ന പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡിന്റെ പിടി അയഞ്ഞതും സാമ്പത്തിക മേഖല ശക്തിപ്പെട്ടതും ചൂണ്ടിക്കാട്ടി കഴിഞ്ഞ നവംബറിൽ പദ്ധതി അവസാനിപ്പിക്കാൻ കേന്ദ്രം നീക്കം നടത്തിയെങ്കിലും സമ്മർദ്ദം ശക്തമായതോടെ പിന്മാറിയിരുന്നു.
കേരളത്തിൽ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 39 ലക്ഷത്തോളം പേർക്കാണ് പിഎംജികെ പ്രകാരം അരി ലഭിക്കുന്നത്. 5 കിലോ അരി വീതമാണ് നൽകുന്നത്. പദ്ധതി പ്രകാരം 2022 ജൂലൈ വരെ രാജ്യത്ത് 824 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് വിതരണം ചെയ്തത്.
പൊടി പച്ചരിയുടെ കയറ്റുമതി നിരോധിച്ചു, ബസുമതി ഒഴികെയുള്ള അരിക്ക് 20 % കയറ്റുമതി ചുങ്കം
വീണ്ടും പദ്ധതി നീട്ടണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും രാജ്യം കടുത്ത ഭക്ഷ്യധാന്യ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്രം എത്ര കണ്ട് സന്നദ്ധമാകുമെന്ന് കാത്തിരുന്ന് തന്നെ അറിയാം. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും നേരിടാൻ കൂടുതല്‍ നടപടികൾ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രത്യേകിച്ച്. പൊടി പച്ചരി കയറ്റുമതി ചെയ്യുന്നതിന് സർക്കാർ കഴിഞ്ഞ ദിവസം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ബസുമതി ഒഴികെയുള്ള അരിക്ക് ഏര്‍പ്പെടുത്തിയ 20 ശതമാനം കയറ്റുമതി ചുങ്കവും ഇതോടൊപ്പം പ്രാബല്യത്തിലാക്കിയിരുന്നു. വിലക്കയറ്റം ഉയർത്തി പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നതിനിടെയാണ് സർക്കാരിന്‍റെ നടപടികള്‍.