മദ്യലഹരിയിൽ റെയിൻകോട്ടാണെന്നു കരുതി പിപിഇ കിറ്റ് അടിച്ചുമാറ്റിയ പച്ചക്കറിക്കച്ചവടക്കാരന് കൊവിഡ്

By Web TeamFirst Published Aug 3, 2020, 5:14 PM IST
Highlights

വീട്ടുകാരോടും അയൽക്കാരോടും അയാൾ അത് താൻ ആയിരം രൂപകൊടുത്ത് വാങ്ങിയ പുതിയ റെയിൻകോട്ട് ആണെന്ന് പറയുന്നു

നാഗ്പൂർ: ആശുപത്രിയിൽ നിന്ന് റെയിൻകോട്ട് ആണെന്ന് തെറ്റിദ്ധരിച്ച് പിപിഇ കിറ്റ് അടിച്ചുമാറ്റിയ പച്ചക്കറിക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. നാഗ്പൂരിലേ നാർഖേഡ് പട്ടണത്തിലാണ് സംഭവം.

മദ്യപിച്ച് ലക്കുകെട്ട് ഓടയിൽ വീണു പരിക്കേറ്റ്  പ്രഥമശുശ്രൂഷക്കുവേണ്ടിയാണ് ഇയാളെ നാഗ്പൂരിലെ മായോ ആശുപത്രിയിൽ കൊണ്ടു ചെന്നത്. അവിടെ ഇരിക്കുന്ന ഒരു ഒരു പിപിഇ കിറ്റ് കണ്ട് അത് റെയിൻകോട്ടാണ് എന്ന് തെറ്റിദ്ധരിച്ച് അയാൾ അത് ആരുമറിയാതെ അടിച്ചു മാറ്റി വീട്ടിൽ കൊണ്ടുവരുന്നു.  

വീട്ടുകാരോടും അയൽക്കാരോടും അയാൾ അത് താൻ ആയിരം രൂപകൊടുത്ത് വാങ്ങിയ പുതിയ റെയിൻകോട്ട് ആണെന്ന് പറയുന്നു. എന്നാൽ, അത് പിപിഇ കിറ്റ് ആണെന്ന് മനസ്സിലാക്കിയ ഒരു അയൽക്കാരൻ ആശുപത്രി അധികൃതരെ വിവരമറിയിക്കുന്നു. അവർ അപ്പോൾ തന്നെ സ്ഥലത്തെത്തി അത് തിരിച്ചെടുക്കുന്നു. അത് കത്തിച്ചു കളയുകയും ചെയ്യുന്നു. 

അതോടൊപ്പം തന്നെ അയാളുടെ കൊവിഡ്  ടെസ്റ്റ് സാമ്പിളും എടുത്തിട്ടുണ്ടായിരുന്നു. ആ പരിശോധന ഫലമാണ് രണ്ടു ദിവസത്തിനകം പോസിറ്റീവ് ആയത്. ആ വ്യക്തിയെയും, വീട്ടുകാരെയും, ഇയാളുമായി ബന്ധപ്പെട്ടിരിക്കാൻ ഇടയുള്ള സകലരെയും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിരുന്നു എങ്കിലും അവരുടെ ടെസ്റ്റ് നെഗറ്റീവ് ആയിരിക്കയാണ്. 

click me!