രാജ്യത്തിന്‍റെ മികച്ച പ്രധാനമന്ത്രി; മോദി തന്നെ മുന്നില്‍, സര്‍വ്വേ ഫലം

By Web TeamFirst Published Jan 24, 2020, 9:04 AM IST
Highlights

സര്‍വ്വേ പ്രകാരം 34 ശതമാനം പേരാണ് മോദിയാണ് മികച്ച പ്രധാനമന്ത്രിയെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്. 16 ശതമാനം പേര്‍ ഇന്ദിരാ ഗാന്ധിക്ക് ഒപ്പം നിന്നു. 13 ശതമാനം പേരാണ് ബിജെപി നേതാവും പ്രധാനമന്ത്രിയുമായിരുന്ന അടല്‍ ബിഹാരി വാജ്‍പേയെ പിന്തുണച്ചത്

ദില്ലി: രാജ്യത്തിന്‍റെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് സര്‍വ്വേ ഫലം. ഇന്ത്യ ടുഡേ ഗ്രൂപ്പ് - കാര്‍വി ഇന്‍സൈറ്റ്സ് മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേയിലാണ് മോദി ബഹുദൂരം മുന്നിലെത്തിയത്. സര്‍വ്വേ പ്രകാരം 34 ശതമാനം പേരാണ് മോദിയാണ് മികച്ച പ്രധാനമന്ത്രിയെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്. 16 ശതമാനം പേര്‍ ഇന്ദിരാ ഗാന്ധിക്ക് ഒപ്പം നിന്നു.

13 ശതമാനം പേരാണ് ബിജെപി നേതാവും പ്രധാനമന്ത്രിയുമായിരുന്ന അടല്‍ ബിഹാരി വാജ്‍പേയെ പിന്തുണച്ചത്. അതേസമയം, 34 ശതമാനം പേരുടെ പിന്തുണയുമായി ഒന്നാമത് നില്‍ക്കുകയാണെങ്കിലും നരേന്ദ്ര മോദിയുടെ ജനപിന്തുണ ഇടിയുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 ഓഗസ്റ്റില്‍ നിന്ന് മൂന്ന് ശതമാനത്തിന്‍റെ ഇടിവാണ് മോദിയുടെ ജനപിന്തുണയിലുണ്ടായത്.

എന്നാല്‍, മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജനപിന്തുണ രണ്ട് ശതമാനം ഇതേ കാലയളവില്‍ വര്‍ധിച്ചു. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വ്വേയില്‍ 19 ശതമാനം പേരായിരുന്നു മോദി മികച്ച പ്രധാനമന്ത്രിയാണെന്ന് പറഞ്ഞിരുന്നത്. പക്ഷേ, അടുത്ത എട്ട് മാസങ്ങളില്‍ ജനപിന്തുണ 20 ശതമാനം കൂടി 37 ശതമാനത്തിലെത്തി.

ഇപ്പോള്‍ അതില്‍ മൂന്ന് ശതമാനത്തിന്‍റെ ഇടിവാണുണ്ടായിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍, സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളാണ് ജനപിന്തുണയിടിയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 12,141 പേരെ അഭിമുഖം നടത്തിയാണ് ഡേ ഗ്രൂപ്പ് - കാര്‍വി ഇന്‍സൈറ്റ്സ്,  മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേ നടത്തിയത്. 

click me!