ഹമാസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും അശ്ലീലചിത്ര നിര്‍മ്മാണത്തിനുമായി ക്രിപ്റ്റോ കറന്‍സി തട്ടി;വന്‍സംഘം പിടിയില്‍

By Web TeamFirst Published Jan 24, 2022, 12:54 PM IST
Highlights

2019ല്‍ തട്ടിപ്പ് നടത്തിയ സംഘത്തെയാണ് പിടികൂടിയിരിക്കുന്നത്. നിലവില്‍ നാല് കോടിയലധികം മൂല്യമുള്ള ക്രിപ്റ്റോ കറന്‍സി തട്ടിപ്പാണ് നടന്നത്. ഹമാസിന്‍റേതടക്കം വിദേശത്തുള്ള മൂന്ന് അക്കൌണ്ടുകളിലായാണ് ക്രിപ്റ്റോ കറന്‍സി നിക്ഷേപിച്ചത്. അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഹമാസിന്‍റെ അൽ-ഖസ്സാം ബ്രിഗേഡിന്റെ വാലറ്റുകളിലേക്ക് ദില്ലി പൊലീസ് എത്തുന്നത്. 

ദില്ലിയിലെ വ്യവസായിയില്‍ നിന്നും വന്‍തുകയുടെ ക്രിപ്റ്റോ കറന്‍സി (Cryptocurrency) തട്ടിയെടുത്ത് പലസ്തീൻ സംഘടനയായ ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡിന്റെ  (Palestinian Militant Outfit Hamas)വാലറ്റുകളിലേക്ക്  നിക്ഷേപിക്കുകയും ചെയ്ത സംഘത്തെ പിടികൂടിയതായി ദില്ലി പൊലീസിലെ (Delhi Police) സൈബര്‍ സെല്‍ വിഭാഗം വ്യക്തമാക്കി. 2019ല്‍ തട്ടിപ്പ് നടത്തിയ സംഘത്തെയാണ് പിടികൂടിയിരിക്കുന്നത്. നിലവില്‍ നാല് കോടിയലധികം മൂല്യമുള്ള ക്രിപ്റ്റോ കറന്‍സി തട്ടിപ്പാണ് നടന്നത്.

ഹമാസിന്‍റേതടക്കം വിദേശത്തുള്ള മൂന്ന് അക്കൌണ്ടുകളിലായാണ് ക്രിപ്റ്റോ കറന്‍സി നിക്ഷേപിച്ചത്. അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഹമാസിന്‍റെ അൽ-ഖസ്സാം ബ്രിഗേഡിന്റെ വാലറ്റുകളിലേക്ക് ദില്ലി പൊലീസ് എത്തുന്നത്. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വാലറ്റുകള്‍ ഇസ്രയേലിന്‍റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികം ലഭിക്കുന്നത് തടയാനുള്ള ദേശീയ ബ്യൂറോ (National Bureau for Counter Terror Financing) പിടിച്ചെടുത്തിരിക്കുകയാണ്. 30.85 ലക്ഷം രൂപയോളം വിലമതിക്കുന്ന ക്രിപ്റ്റോ കറന്‍സിയാണ് ദില്ലിയിലെ വ്യാപാരിയുടെ വാലറ്റില്‍ നിന്ന് അപഹരിക്കപ്പെട്ടത്.

പശ്ചിം വിഹാര്‍ സ്വദേശിയായ വ്യാപാരിയാണ് പരാതിയുമായി എത്തിയത്. പ്രാദേശിക കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് കേസ് ദില്ലി പൊലീസിലെ സൈബര്‍ ക്രൈം യൂണിറ്റിന് നല്‍കിയത്. ബിറ്റ്കോയിന്‍, ഇഥറം, ബിറ്റ് കോയിന്‍ ക്യാഷ് എന്നിവയാണ് അപഹരിക്കപ്പെട്ടത്. ഈജിപ്തിലെ ഗിസ, പലസ്തീനിലെ റമല്ല എന്നിവിടങ്ങളിൽ നിന്ന് പ്രവർത്തിപ്പിക്കുന്ന മറ്റ് വാലറ്റുകളിലേക്ക് ചില കറൻസികൾ മാറ്റി. ഈ അക്കൗണ്ടുകളുടെ എല്ലാ വിശദാംശങ്ങളും വീണ്ടെടുത്തതായും അവയിൽ ചിലത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകാനും മറ്റുള്ളവ കുട്ടികളുടെ അശ്ലീലചിത്രങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നത്. 

click me!