
പട്ന: സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിന്‍ (Sanitary Napkins) വാങ്ങാനായി അനുവദിച്ച ഫണ്ടില്‍ നിന്ന് ആണ്‍കുട്ടികള്‍ക്ക് വരെ സാനിറ്ററി നാപ്കിന്‍ വാങ്ങിയ സ്കൂളിനെതിരെ അന്വേഷണം. ബിഹാറിലെ (Bihar) സരന്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് വന്‍തുക ചെലവിട്ട് ആണ്‍കുട്ടികള്‍ക്കായി സാനിറ്ററി നാപ്കിന്‍ വാങ്ങിയത്. പോഷക് യോജന എന്ന പദ്ധതിക്ക് കീഴിലെ തട്ടിപ്പാണ് പുറത്ത് വന്നത്.
സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനും വസ്ത്രവും വാങ്ങാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന ഹല്‍കോരി സാഹ് ഹൈ സ്കൂളിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്കൂളിലേക്ക് സ്ഥലം മാറിയെത്തിയ പുതിയ പ്രധാന അധ്യാപകനാണ് ഫണ്ടിലെ തിരിമറി കണ്ടെത്തിയത്. ഇദ്ദേഹമാണ് വിവരം ജില്ലാ മജിസ്ട്രേറ്റിനോട് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി സ്കൂളില്‍ ഈ വിധം തിരിമറി നടക്കുന്നുവെന്ന വിശദമാക്കുന്നതാണ് കണക്കുകള്‍.
2019ന് മുന്‍പ് ഇത്തരത്തില്‍ ആണ്‍കുട്ടികള്‍ക്ക് നിരവധി സാനിറ്ററി നാപ്കിന്‍ നല്‍കിയെന്നാണ് പുതിയ പ്രധാന അധ്യാപകന്‍റെ പരാതി. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തില്‍ സംഭവത്തില്‍ രണ്ടംഗ സമിതെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം. അന്തര്‍ ദേശീയ തലത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന് അഭിനന്ദനം ലഭിച്ച പദ്ധതിയുടെ ഫണ്ടിലാണ് വ്യാപക തിരിമറി നടന്നിട്ടുള്ളത്.
കൌമാര പ്രായത്തിലുള്ള വിദ്യാര്‍ത്ഥിനികളുടെ കൊഴിഞ്ഞ് പോക്ക് തടയാനും വ്യക്തി ശുചിത്വം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്. ഫെബ്രുവരി 2015ലായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. 2016-17 കാലത്താണ് തിരിമറി നടന്നത്. ഏകദേശം അറുപത് കോടി രൂപയാണ് ഈ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത്. 37 ലക്ഷം പെണ്‍കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്ന് അവകാശപ്പെടുന്നതിനിടയിലാണ് ഒരു സ്കൂളിലെ തിരിമറിക്കണക്ക് പുറത്ത് വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam