മുസ്ലീംവേഷം ധരിച്ച് ട്രെയിന്‍ എഞ്ചിന് കല്ലെറിഞ്ഞു; ബിജെപി പ്രവര്‍ത്തകനും കൂട്ടാളികളും അറസ്റ്റില്‍

By Web TeamFirst Published Dec 20, 2019, 10:57 AM IST
Highlights

കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ മുസ്ലീം വേഷം ധരിച്ച് ആക്രമണം നടത്തി അത് ഒരു സമുദായത്തിന്‍റെ മുകളില്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചിരുന്നു. 

മൂര്‍ഷിദാബാദ്: ലുങ്കിയും തൊപ്പിയും ധരിച്ച് ട്രെയിന്‍ എഞ്ചിന് കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകനും അഞ്ച് കൂട്ടാളികളെയും ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് ട്രെയിന്‍ എഞ്ചിന് കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകനായ അഭിഷേക് സര്‍ക്കാര്‍ എന്ന 21 വയസുകാരനും അഞ്ച് കൂട്ടാളികളും മൂര്‍ഷിദാബാദ് പൊലീസിന്‍റെ പിടിയിലായത്. സില്‍ദഹിനും-ലാല്‍ഗോലയ്ക്കും ഇടയില്‍ ഓടുന്ന ട്രെയിന്‍ എഞ്ചിന് സില്‍ദാഹില്‍ വച്ചാണ് ഇവര്‍ കല്ലെറിഞ്ഞത്.

കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ മുസ്ലീം വേഷം ധരിച്ച് ആക്രമണം നടത്തി അത് ഒരു സമുദായത്തിന്‍റെ മുകളില്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം അറസ്റ്റിലായ യുവാക്കള്‍ തങ്ങളുടെ യൂട്യൂബ് ചാനലിന് വേണ്ടിയാണ് ട്രെയിന്‍ കല്ലെറിയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നാണ് പറയുന്നത്. പക്ഷെ ഇവര്‍ പറഞ്ഞ തരത്തില്‍ ഒരു യൂട്യൂബ് ചാനല്‍ നിലവില്‍ ഇല്ലെന്നാണ് പൊലീസ് കണ്ടെത്തിയത്.

മുര്‍ഷിദാബാദിലെ രാധാമധാബട്വ സ്വദേശിയായ അഭിഷേക് സര്‍ക്കാര്‍ പ്രദേശത്തെ ബിജെപി പ്രവര്‍ത്തനങ്ങളുടെ മുന്നിലുണ്ടാകുന്ന വ്യക്തിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത് എന്നാണ് ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭിഷേക് അടക്കമുള്ള സംഘം റെയില്‍വേ ലൈന് സമീപം മുസ്ലീം വേഷത്തില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ച് പൊലീസിനെ വിളിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവസ്ഥലത്ത് നിന്നും ഏഴോളം പേര്‍ ഓടിരക്ഷപ്പെട്ടുവെന്നും സൂചനയുണ്ട്.

പിടിയിലായ ആറുപേരെ ചോദ്യം ചെയ്തപ്പോഴാണ് ട്രെയിന്‍ എഞ്ചിന് കല്ലെറിഞ്ഞത് വ്യക്തമായത്. അതേ സമയം പിടിയിലായ സംഘത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് ഗൗരി സര്‍ക്കാര്‍ ഘോഷ് പ്രതികരിച്ചു. അഭിഷേക് പാര്‍ട്ടി അംഗമല്ലെന്നാണ് ഇദ്ദേഹത്തിന്‍റെ വാദം. ഇതിനൊപ്പം തന്നെ രാധാമധാബട്വയിലെ സംഭവത്തെക്കുറിച്ച് പാര്‍ട്ടി അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.
 

click me!