
ഭിൽവാര: വായിൽ കല്ല് വച്ച ശേഷം ചുണ്ടുകൾ പശ വച്ച് ഒട്ടിച്ച് കൊടുങ്കാട്ടിൽ ഉപേക്ഷിച്ച 15 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് അത്ഭുത രക്ഷ. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. കുട്ടി ഒരു തരത്തിലും രക്ഷപ്പെടരുതെന്ന് ലക്ഷ്യമിട്ടാണ് കുട്ടിയെ ഉപേക്ഷിച്ച അജ്ഞാതർ കുട്ടിയുടെ വായയിൽ കല്ലുകൾ വച്ച് ചുണ്ടിൽ പശ വച്ച് ഒട്ടിച്ചത്. എന്നാൽ കന്നുകാലികളെ തീറ്റാനിറങ്ങിയ യുവാവ് കുഞ്ഞിനെ ആകസ്മികമായി ശ്രദ്ധിക്കുകയായിരുന്നു. അവശനിലയിലായ കുഞ്ഞിനെ ഇയാൾ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. ഭിൽവാരയിലെ ബിജോലിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സീതാ കുണ്ഡ് ക്ഷേത്രത്തിലേക്ക് പോവുന്ന റോഡിന് സമീപത്തെ കാട്ടിലാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. സമീപത്തെ ആശുപത്രികളിലും ഗ്രാമങ്ങളിലും കുട്ടികൾ പിറന്ന സംഭവങ്ങൾ അടക്കം പരിശോധിക്കുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുഞ്ഞിന്റെ തുടയിലും പശ തേച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ കണ്ടെത്തിയിട്ടുള്ളത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് സമാന സംഭവം ഉത്തർപ്രദേശിലും നടന്നിരുന്നു. ഷാജഹാൻപൂരിലെ ഗൊഹാവറിൽ ഒരടിയോളം ആഴമുള്ള കുഴിയിൽ തുണിയിൽ പൊതിഞ്ഞാണ് പെൺകുഞ്ഞിനെ അജ്ഞാതർ ഉപേക്ഷിച്ചത്. രാവിലെ നദിക്കരയിൽ നടക്കാനിറങ്ങിയ യുവാവാണ് പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത്. ജീവനോട് കുഴിച്ച് മൂടിയ നവജാത ശിശുവിന് എന്തോ ജീവികൾ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കൈകളിൽ പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam