
ഹൈദരബാദ്: വീടുകളിൽ നിന്ന് കാണാതാവുന്നത് ഉപയോഗിച്ചതും പുതിയതുമായ ചെരിപ്പുകൾ. ഷൂസ്, ചെരിപ്പ്, ചപ്പൽ എന്നിങ്ങനെ ഒരു വ്യത്യാസമില്ലാതെയാണ് മോഷണം പോയിരുന്നത്. ആദ്യത്തെ കൌതുകം മാറിയതിന് പിന്നാലെയാണ് കള്ളനെ കണ്ടെത്താൻ നാട്ടുകാർ തന്നെ മുന്നിട്ടിറങ്ങിയത്. ബുധനാഴ്ച സംശയപരമായ സാഹചര്യത്തിൽ കണ്ട ഒരാളെ പിന്തുടർന്നപ്പോളാണ് ചെരിപ്പ് കള്ളന്മാരെ നാട്ടുകാർ കണ്ടെത്തിയത്.
ഹൈദരബാദിന് സമീപത്തെ ഉപ്പലിന് സമീപത്തെ ഭരത് നഗറിലാണ് സംഭവം. ചെരിപ്പുകളുടെ കൊട്ടാരം എന്ന നിലയിലായിരുന്നു ഈ വീടുണ്ടായിരുന്നത്. ബാഗുകളിലാക്കി അടുക്കിയ നിലയിൽ ഷെൽഫുകളിലാക്കിയാണ് ഈ വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഭാര്യയും ഭർത്താവും ചേർന്നായിരുന്നു അയൽവാസികളുടെ വീട്ടിൽ മോഷണം നടത്തിയിരുന്നത്. സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വാസവി നഗർ, ശ്രീ നഗർ കോളനി, രാമാന്ത്പുർ, ഭരത് നഗർ എന്നിവിടങ്ങളിലായാണ് ചെരിപ്പ് മോഷണം രൂക്ഷമായിരുന്നത്. മോഷ്ടിച്ച ചെരുപ്പുകൾ വാരാന്ത്യ ചന്തകളിൽ വിറ്റഴിക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്.
ഇവരുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്നും അലമാരികളിൽ നിന്നും അടക്കം ചെരിപ്പുകൾ പുറത്തെടുക്കുന്ന ദമ്പതികളുടെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നാട്ടുകാർ ചോദ്യം ചെയ്തിന് പിന്നാലെ ആളുകൾ ഉപേക്ഷിച്ച ചെരിപ്പുകളാണ് ശേഖരിച്ചതെന്നാണ് ദമ്പതികൾ വാദിക്കുന്നത്. വീട്ടിലേക്കെത്തിയ നാട്ടുകാരോട് യുവതി രൂക്ഷമായ ഭാഷയിൽ തർക്കിക്കുന്നതുമായ വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. നഗരത്തിന്റ മറ്റ് ഭാഗങ്ങളിൽ കൊണ്ടുപോയി വിൽക്കാനുള്ള ലക്ഷ്യത്തിലാണ് ഇവർ ചെരിപ്പുകൾ ശേഖരിച്ചിരുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. അയൽവാസികളിൽ ഏറെയും ഇവരുടെ വീട്ടിൽ നിന്ന് തങ്ങളുടെ ചെരിപ്പുകൾ തിരിച്ചറിഞ്ഞ് കൊണ്ട് പോയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam