
ദില്ലി: തെരുവ് നായ്ക്കൾക്ക് ലഭിക്കുന്ന ബഹുമാനം പോലും മുസ്ലീങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. ഗുജറാത്തിലെ നവരാത്രി ഗർബ പരിപാടിയിൽ കല്ലെറിഞ്ഞുവെന്നാരോപിച്ച് കസ്റ്റഡിയിലായ പ്രതികളെ തൂണിൽ കെട്ടിയിട്ട് തല്ലിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഒവൈസി. രാജ്യത്ത് എവിടെ ബിജെപി സർക്കാർ ഭരിക്കുന്നുണ്ടോ അവിടെയെല്ലാം മുസ്ലീങ്ങൾ തുറന്ന ജയിലിൽ കഴിയുന്നതുപോലെയാണ് അനുഭവപ്പെടുന്നതെന്നും മദ്റസകൾ തകർക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതാണോ നമ്മുടെ ബഹുമാനം? ഒരു മുസ്ലിമിന് സമൂഹത്തിൽ ബഹുമാനമില്ലേ? ഇതാണോ രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും നിയമവാഴ്ചയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരാമർശത്തെയും ഒവൈസി പരിഹസിച്ചു. മുസ്ലീങ്ങൾ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നു. മുസ്ലീം ജനസംഖ്യ വർദ്ധിക്കുന്നില്ല, മറിച്ച് കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ നടന്ന സംഭവത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെയും ഒവൈസി ചോദ്യം ചെയ്തു. നിങ്ങൾ മുഖ്യമന്ത്രിയായിരുന്ന സംസ്ഥാനത്തായിരുന്നു മുസ്ലീങ്ങളെ തൂണിൽ കെട്ടിയിട്ട് ചമ്മട്ടികൊണ്ട് അടിച്ചത്. ജനക്കൂട്ടം വിസിലടിക്കുകയായിരുന്നു. ഇങ്ങനെയാണെങ്കിൽ ദയവായി കോടതികൾ അടച്ചുപൂട്ടുകയും പൊലീസ് സേനയെ പിരിച്ചുവിടുകയും ചെയ്യണമെന്നും ഒവൈസി പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഖേദയിലെ ഉന്ധേല ഗ്രാമത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗർബ നൃത്ത പരിപാടിക്ക് നേരെ ആൾക്കൂട്ടം കല്ലെറിഞ്ഞിരുന്നു. ഈ സംഭവത്തിലെ പ്രതികളെയാണ് പൊതുജന മധ്യത്തിൽ തൂണിൽകെട്ടിയിട്ട് പൊലീസ് മർദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചിരുന്നു.
മതാടിസ്ഥാനത്തില്‍ ജനസംഖ്യാ അസന്തുലിതാവസ്ഥ എന്ന വിഷയം ഉയർത്തിക്കൊണ്ട്, എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും ഒരുപോലെ ബാധകമായ സമഗ്രമായ ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന ആവശ്യം ആര്‍എസ്എസ് നേതാവ് മോഹൻ ഭാഗവത് ഉന്നയിച്ചിരുന്നു. മതാടിസ്ഥാനമാക്കിയുള്ള ജനസംഖ്യ അസന്തുലിതാവസ്ഥ ഒരു പ്രധാന വിഷയമാണെന്നും അവഗണിക്കരുതെന്നും ഭാഗവത് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam