ബെംഗളൂരു പൊലീസ് സേനയിലേക്ക് ഇനി തെരുവുനായ്ക്കളും

By Web TeamFirst Published Dec 10, 2019, 2:22 PM IST
Highlights

പട്രോളിങ് നടത്തുന്ന പൊലീസുകാർക്ക് സഹായത്തിനായി തെരുവുനായ്ക്കളെ പരിശീലിപ്പിക്കാനൊരുങ്ങി ബെംഗളൂരു പൊലീസ്. 

ബെംഗളൂരു: രാത്രി കാലങ്ങളിൽ നഗരത്തിൽ പട്രോളിങ് നടത്തുന്ന പൊലീസുകാർക്ക് സഹായിയായി ഇനി തെരുവുനായ്ക്കളും. തെരുവുനായ്ക്കൾക്ക് പരിശീലനം നൽകി അവയെ ജോലിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.

രാത്രി പട്രോളിങ് നടത്തുന്ന പൊലീസുകാർക്ക് പല വിഷമതകളും ഭീഷണികളും ഏറ്റുവാങ്ങേണ്ടിവരാറുണ്ട്. പ്രതിരോധ മാർഗമെന്ന നിലയിലും അന്വേഷണത്തിന്റെ ഭാഗമായും പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിക്കാമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഭാസ്കർറാവു പറഞ്ഞു. പദ്ധതി പ്രാരംഭഘട്ടത്തിലാണെന്നും ലഭ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും കമ്മീഷണർ വ്യക്തമാക്കി. 

ഉത്തരാഖണ്ഡ് പൊലീസിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സിറ്റിപൊലീസിന്റെ പുതിയ തീരുമാനം. ഉത്തരാഖണ്ഡ് പൊലീസ് തെരുവുനായ്ക്കൾക്ക് പരിശീലനം നൽകി സേനയിലെടുത്തിരുന്നു. സാധാരണ ഡോഗ് സ്ക്വാഡിൽ ഉൾപ്പെടുന്ന ജർമ്മൻ ഷെപ്പേർഡ് പോലെയുള്ള ബ്രീഡുകൾക്കു സമാനമായി പരിശീലനം നൽകിയ ശേഷം ഇവയെയും അന്വേഷണത്തിന്റെ ഭാഗമായും പൊലീസുകാർക്ക് സുരക്ഷ എന്ന രീതിയിലും ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരുന്നു.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ 6 തെരുവു നായ്ക്കളെ പരിശീനത്തിനായി തിരഞ്ഞെടുത്തതായി സിറ്റി പൊലീസ് അറിയിച്ചു. കർണാടക പോലീസിന്റെ ഡോഗ് സ്ക്വാഡിലുളള നായ്ക്കൾക്ക് നൽകുന്ന പരിശീലനം ഇവയ്ക്കും നൽകും. വിജയിക്കുകയാണെങ്കിൽ കൂടുതൽ നായ്ക്കളെ പരിശീലനത്തിനായി തിരഞ്ഞെടുക്കാനാണ് തീരുമാനം. മൂന്നു മാസം മുതൽ ആറുമാസം വരെ പ്രായമുള്ള നായ്ക്കുട്ടികളെയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കാവുന്നതെന്ന് കർണാടക പൊലീസിന്റെ ഡോഗ് സ്ക്വാഡ് ഉപദേശകൻ അമൃത് പറഞ്ഞു.

പ്രായം കുറയുമ്പോൾ അവയ്ക്ക് ഏതു മേഖലയിലായാലും എളുപ്പം പരിശീലനം നൽകാം. സ്ഫോടകവസ്തുക്കളും ലഹരി വസ്തുക്കളും മറ്റും കണ്ടെത്തുന്നതിനായി  ഇവയെ ഉപയോഗിക്കാം. കുത്തിവെയ്പ്പ് നടത്തിയശേഷം ആരോഗ്യപ്രദമായ ഭക്ഷണവും നൽകുകയാണെങ്കിൽ പൊലീസ് ഡോഗ്സ്ക്വാഡിൽ ഇവയെ കൂടുതലായി ഉൾപ്പെടുത്താമെന്നും അമൃത് കൂട്ടിച്ചേര്‍ത്തു. 


 

click me!