കാലില്ലാത്ത യാചകന് തോന്നിയ കുബുദ്ധി! രണ്ടര വയസുകാരിയെ കണ്ണീരോടെ തേടി നടന്ന് കുടുംബം, ഒടുവില്‍...

By Sreenath ChandranFirst Published Jan 10, 2023, 5:45 PM IST
Highlights

പറയുന്നതെല്ലാം നുണയെന്ന മുൻധാരണയോടെയാണ് സ്റ്റേഷനിലുള്ളവർ അത് കേട്ടുനിന്നത്. സ്വന്തം മകളെ വിറ്റ് കളഞ്ഞതാവാമെന്ന് അവർ കരുതി

മുംബൈ:  നാല് മാസങ്ങൾക്ക് മുൻപൊരു പകൽ ബാന്ദ്രാ പൊലീസ് സ്റ്റേഷനിലേക്ക് മുഷിഞ്ഞ വേഷം ധരിച്ച ദമ്പതിമാർ ഓടിക്കിതച്ച് വന്നു. രണ്ട് മാസം പ്രായമുള്ള മകളുമായി ഒരാൾ കടന്ന് കളഞ്ഞെന്നായിരുന്നു പരാതി. പറയുന്നതെല്ലാം നുണയെന്ന മുൻധാരണയോടെയാണ് സ്റ്റേഷനിലുള്ളവർ അത് കേട്ടുനിന്നത്. സ്വന്തം മകളെ വിറ്റ് കളഞ്ഞതാവാമെന്ന് അവർ കരുതി. ആദ്യത്തെ കുറച്ച് ദിനം അനങ്ങാതിരുന്ന പൊലീസ് ദിവസങ്ങൾക്ക് ശേഷമാണ് കേസിന്‍റെ ഗൗരവം മനസിലാക്കിയത്.  

ബാന്ദ്രയിലെ സ്കൈവാക്കിൽ അരക്ഷിത ജീവിതം

മുംബൈയ്ക്ക് പുറത്ത് വസായിയിലായിരുന്നു കാണാതായ കുട്ടിയുടെ കുടുംബം കഴിഞ്ഞിരുന്നത്. കളിപ്പാട്ടങ്ങളും മറ്റും വിറ്റ് ജീവിച്ച് പോന്നു. പക്ഷേ കൊവിഡ് കാലം ജീവിതത്തെ അരക്ഷിതമാക്കി. ലോക്ഡൗണിന് ശേഷം വസായിയിൽ നിന്ന് കുടുംബം മുംബൈയിലേക്ക് വന്നു. വാടകയ്ക്ക് താമസിക്കാൻ പണമില്ലാത്തതിനാൽ ആ മൂന്നംഗ കുടുംബം ബാന്ദ്രാ സ്റ്റേഷനിലെ സ്കൈവാക്കിലാക്കി താമസം. അതേ സ്കൈവാക്കിൽ തന്നെയാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ പ്രതിയും കിടന്നിരുന്നത്, പേര് ആഷിഖ് അലി.  ഇരുകാലുകളും ഒരു അപകടത്തിൽ നഷ്ടപ്പെട്ട ആഷിഖ് യാചക വൃത്തിയാണ് ചെയ്തിരുന്നത്. പുതുതായി എത്തിയ കുടുംബത്തോട് അയാൾ പെട്ടെന്ന് അടുത്തു. കുഞ്ഞിന് സ്ഥിരമായി മിഠായിയും മറ്റും വാങ്ങി നൽകി സ്നേഹബന്ധം സ്ഥാപിച്ചു. നാല് മാസങ്ങൾക്ക് മുൻപ് അങ്ങനെ ഒരു ദിനമാണ് കുട്ടിയെ അയാൾ തട്ടിക്കൊണ്ട് പോവുന്നത്

കാൽ ഇല്ലാത്ത തനിക്ക് തണലാകാൻ ഒരാൾ വേണമെന്ന് കരുതി!

22 വയസ് മാത്രമാണ് ആഷിഖ് അലിയുടെ പ്രായം. മുൻപ് നടന്നൊരു വാഹനാപകടത്തിൽ കാലുകൾ നഷ്ടമായതാണ്. ഒപ്പം തന്‍റെ കുടുംബവും. ഭാവിയിൽ തന്നെ നോക്കാൻ ആരുണ്ടെന്ന ഭയത്തിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ട് പോവാനുള്ള കുബുദ്ധി തോന്നിയത്. സ്കൈവാക്കിലെത്തിയ കുടുംബത്തെ കണ്ടതോടെ പദ്ധതിയുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചു. തീരെ ചെറിയ കുട്ടി ആയാൽ വലുതാവുമ്പോൾ താനാണ് അച്ഛനെന്ന് വിശ്വസിക്കുമെന്നതായിരുന്നു കണക്ക് കൂട്ടൽ. ഭിക്ഷയെടുക്കാൻ ഒപ്പം ഒരു ചെറിയ കുട്ടിയുണ്ടായാൽ അതും ഗുണപ്പെടും. അങ്ങനെ കുടുംബത്തിന്‍റെ വിശ്വാസം നേടിയെടുത്തു. ഒരു ദിവസം മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കുട്ടിയെ ഒപ്പം കൂട്ടി പോയതാണ്. മടങ്ങി എത്താതായതോടെയാണ് തട്ടിക്കൊണ്ട് പോയെന്ന സത്യം കുടുംബം മനസിലാക്കിയത്. 

പൊലീസ് ഉണർന്നപ്പോഴേക്കും വൈകിയിരുന്നു

ആദ്യം പരാതി വ്യാജമെന്നാണ് പൊലീസ് മുൻധാരണ വച്ചത്. പിന്നീട് പറയുന്നത് സത്യമെന്ന് പൊലീസ് മനസിലാക്കി. മുംബൈ മുഴുവൻ അരിച്ച് പെറുക്കിയിട്ടും തുമ്പൊന്നും കിട്ടിയില്ല. പിന്നീട് അന്വേഷണം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. കന്യാകുമാരി മുതൽ കശ്മീർ വരെ പൊതു സ്ഥലങ്ങളിൽ ഏതാണ്ട് മുപ്പതിനായിരത്തോളം പോസ്റ്ററുകൾ പതിച്ചു. പ്രതിയുടേയും കുട്ടിയുടേയും ചിത്രങ്ങൾ അതിലുണ്ടായിരുന്നു. നാല് മാസത്തെ അന്വേഷണം ഒടുവിൽ പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിൽ എത്തി നിന്നു. ഭൂട്ടാൻ അതിർത്തിയോട് ചേർന്ന് നിൽക്കുന്ന ഒരു പ്രദേശത്ത് വച്ച് പ്രതിയെ കണ്ടെത്തി, ഒപ്പം കുട്ടിയെയും. 

കുഞ്ഞിനെ തിരികെ കിട്ടി,പക്ഷെ !

താനാണ് അച്ഛനെന്ന് നിരന്തരം പറഞ്ഞ് കുഞ്ഞ് മനസിനെ പരമാവധി സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു പ്രതി. പൊലീസുകാർ കു‍ഞ്ഞിനെ മുംബൈയിലെത്തിച്ച് അച്ഛനമ്മമാർക്ക് കൈമാറിയെങ്കിലും വലിയ സന്തോഷത്തിനിടയിലും വേദനിപ്പിച്ചത് അതാണ്. അമ്മയെയും അച്ഛനെയും ആദ്യം കുഞ്ഞിന് മനസിലായില്ല. സ്നേഹം കൊണ്ട് കു‍ഞ്ഞിന്‍റെ തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്. ഒരിക്കലും ഇനി തിരികെ കിട്ടില്ലെന്ന് കരുതിയ കുഞ്ഞിനെ കൈകളിലേക്ക് കിട്ടിയത് തന്നെ മഹാഭാഗ്യമെന്ന് അവര്‍ കരുതുന്നു. 

വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ വിധി പ്രസ്താവിക്കുന്നത് വൈകിയതില്‍ മാപ്പ് പറഞ്ഞ് ജഡ്ജി ബിആര്‍ ഗവായ്

click me!