ആക്രമണങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, കര്‍ശന നടപടിയെടുക്കും: കേന്ദ്രമന്ത്രി

By Web TeamFirst Published Jan 1, 2020, 6:42 PM IST
Highlights

ഉത്തര്‍പ്രദേശില്‍ നടക്കുന്ന ആക്രമണ സംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നും സംഘടനയെ നിരോധിക്കണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. 

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മറവില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. അവരുടെ പങ്കിനെക്കുറിച്ചുള്ള വ്യക്തമായ തെളിവുകളുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിമിയുമായിട്ടുള്ള പോപ്പുലര്‍ ഫ്രണ്ടിന്‍റെ ബന്ധത്തെക്കുറിച്ചടക്കം കൃത്യമായ തെളിവുകളുണ്ട്. നിരവധി ആരോപണങ്ങളാണ് അവര്‍ക്കെതിരെ ഉയരുന്നത്. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലും അവര്‍ക്ക് പങ്കുണ്ട്. അതുകൊണ്ട് തന്നെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ഉത്തര്‍പ്രദേശില്‍ നടക്കുന്ന ആക്രമണ സംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നും സംഘടനയെ നിരോധിക്കണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. ഉത്തര്‍പ്രദശ് സര്‍ക്കാറിന്‍റെ കത്ത് കേന്ദ്രം നിയമ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍ഐഎ തുടങ്ങിയ കേന്ദ്ര ഏജന്‍സികളോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

അറസ്റ്റ് ചെയ്യപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അത് വെളിപ്പെടുത്താനാകില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 2001ല്‍ നിരോധിച്ച സിമിയുടെ മറ്റൊരു രൂപമാണ് പിഎഫ്ഐയെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് മൗര്യ പറഞ്ഞു. ഉത്തര്‍പ്രദേശ് അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് സജീവമാണെന്നും 22 പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

click me!