
ജയ്പുർ: നിയമസഭയിൽ തന്റെ ഇരിപ്പിടം മാറ്റിയതുമായി ബന്ധപ്പെട്ട പ്രതിപക്ഷാംഗങ്ങളുടെ പരിഹാസങ്ങൾക്കു ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. ധീരനും ശക്തനുമായ യോദ്ധാവിനെ മാത്രമേ അതിർത്തിയിലേക്ക് അയയ്ക്കൂ എന്നാണു സച്ചിന്റെ പ്രതികരണം.
ഉപമുഖ്യമന്ത്രിസ്ഥാനം നഷ്ടമായ പൈലറ്റിനു പ്രതിപക്ഷ ബെഞ്ചുകൾക്കു സമീപമാണ് ഇരിപ്പിടം നൽകിയത്. ഈ വിഷയം ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം പ്രതിപക്ഷ അംഗങ്ങൾ സഭയിൽ പരാമർശങ്ങൾ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണു സഭയ്ക്കുള്ളിൽ സച്ചിൻ പൈലറ്റ് ശക്തമായ മറുപടി നടത്തിയത്.
സഭയിൽ വന്നപ്പോൾ എന്റെ ഇരിപ്പിടം മാറ്റിയതായി കണ്ടു. ഞാൻ ഭരണപക്ഷ ബെഞ്ചില്‍ സുരക്ഷിതനായിരുന്നു. ഇപ്പോൾ പ്രതിപക്ഷത്തിന്റെ അടുത്താണ്. അതിർത്തിയിലേക്കാണു തന്നെ അയച്ചതെന്നു മനസിലായി. ധീരനും ശക്തനുമായ യോദ്ധാവിനെ മാത്രമേ അതിർത്തിയിലേക്ക് അയക്കുകയുള്ളൂ- സച്ചിൻ പറഞ്ഞു.
അതേ സമയം രാജസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് താൽക്കാലിക ശമനം. അശോക് ഗെഹ്ലോട്ട് സർക്കാർ, വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. 200 അംഗ നിയമസഭയിൽ 101 പേരുടെ ഭൂരിപക്ഷമാണ് സർക്കാരിന് വേണ്ടിയിരുന്നത്. 107 എംഎൽഎമാരുടെ പിന്തുണയോടെയാണ് കോൺഗ്രസ് വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചത്. ബിഎസ്പി എംഎൽഎമാരും ഗലോട്ടിന് വോട്ടു ചെയ്തു. സഭ 21 വരെ പിരിഞ്ഞു.
ബിജെപി ശ്രമങ്ങളെ പരാജയപ്പെടുത്തി എന്ന് സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. താനുന്നയിച്ച വിഷയങ്ങൾ പരിഹരിക്കുമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ടെന്നും സച്ചിൻ വ്യക്തമാക്കി.കഴിഞ്ഞ ഒരു മാസത്തെ പ്രതിസന്ധിക്കൊടുവിൽ രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസം. രാഷ്ട്രീയ പ്രതിസന്ധികളും റിസോര്‍ട്ട് നാടകങ്ങള്‍ക്കും ഒടുവിലാണ് അശോക് ഗെലോട്ടിന്‍റെ കോൺഗ്രസ് സര്‍ക്കാര്‍ വിശ്വാസം നേടിയത്.
അശോക് ഗലോട്ട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ യുവ മുഖമായ സച്ചിൻ പൈലറ്റ് രംഗത്തെത്തിയതോടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.
19 എംഎൽഎമാരും സച്ചിനൊപ്പം പോയി. സച്ചിൻ പൈലറ്റിനെ തങ്ങള്‍ക്കൊപ്പം കൂട്ടാൻ ബിജെപിയും കളത്തിലിറങ്ങിയതോടെ രാജസ്ഥാനിലും റിസോര്‍ട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങി. കേസ് കോടതി കയറിയെങ്കിലും പ്രതിസന്ധികള്‍ക്കൊടുവിൽ ബിജെപിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി സച്ചിൻ കോൺഗ്രസ് പാളയത്തിലേക്ക് തന്നെ മടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam