ഹോസ്റ്റലില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം; ദുരൂഹതയുണ്ടെന്ന് പിതാവ്

By Web TeamFirst Published Sep 26, 2019, 1:13 PM IST
Highlights

വിദ്യാലയത്തിലെ അധ്യാപകര്‍ക്കെതിരെയാണ് പിതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അധ്യാപകര്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് മകന്‍ തന്നോട് പലപ്പോഴായി പരാതിപ്പെട്ടിരുന്നു...

പാറ്റ്ന: ബിഹാറിലെ സിതാമര്‍ഹി ജില്ലയിലെ ഒരു സ്വകാര്യ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സുതിഹറിലെ കേന്ദ്രീയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി. മകന്‍റെ മരണത്തില്‍  ദുരൂഹതയുണ്ടെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തി. 

വിദ്യാലയത്തിലെ അധ്യാപകര്‍ക്കെതിരെയാണ് പിതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അധ്യാപകര്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് മകന്‍ തന്നോട് പലപ്പോഴായി പരാതിപ്പെട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു.  മകന്‍റെ പരാതിയുമായി പ്രിന്‍സിപ്പാളിനെ ചെന്നുകണ്ട തനിക്ക്, ഇനി ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ കുഞ്ഞിന് നേരിടേണ്ടി വരില്ലെന്ന ഉറപ്പ് അദ്ദേഹം നല്‍കിയിരുന്നു. 

മകനെ മോഷണക്കുറ്റം ചുമത്തി, കാന്‍റീനില്‍ വച്ച് അധ്യാപകര്‍ മര്‍ദ്ദിച്ചിരുന്നുവെന്നും കുട്ടിയുടെ അച്ഛന്‍ സുഷില്‍ കുമാര്‍ പറഞ്ഞു. പ്രിന്‍സിപ്പാളും മകനെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് ഇയാളുടെ ആരോപണം.  ''മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം എനിക്കറിയില്ല. ചിലര്‍ പറയുന്നത് മകന്‍ വിഷമ കഴിച്ചുവെന്നാണ്. മറ്റുചിലര്‍ പറയുന്നു അവനെ സ്കൂളില്‍വച്ച് കൊന്നതാണെന്ന്'' - സുഷില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

സുഷില്‍ കുമാറിന്‍റെ പരാതിയില്‍ പൊലീസ് കേസ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കുമെന്നും സിതാമര്‍ഹിയിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വീര്‍ കുന്‍വാര്‍ പറഞ്ഞു. 

click me!