Dalit Woman Cooked Food Refused : ദളിത് സത്രീ പാചകം ചെയ്ത ഉച്ചഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെ വിദ്യാർത്ഥികൾ

By Web TeamFirst Published Dec 23, 2021, 3:20 PM IST
Highlights

''ഞാനുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ അവർ വിസമ്മതിച്ചു. അത് എന്നെ ഞെട്ടിച്ചു. കഴിക്കരുതെന്ന് കുട്ടികളോട് അവരുടെ രക്ഷിതാക്കൾ തന്നെ പറയുകയാണ്...''

ഡെറാഡൂൺ: ദളിത് സ്ത്രീ (Dalit Woman) പാചകം ചെയ്ത് ഉച്ച ഭക്ഷണം (Mid day Meal) കഴിക്കാൻ വിസമ്മതിച്ച് സ്കൂൾ വിദ്യാർത്ഥികൾ (Students). സ്കൂളിൽ പാകം ചെയ്തത് കഴിക്കാൻ തയ്യാറാകാതിരുന്ന കുട്ടികൾ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാൻ തുടങ്ങുകയായിരുന്നു. കുട്ടികൾ മാത്രമല്ല, സുനിത എന്ന ദളിത് സ്ത്രീയെ പാചകത്തിന് നിയമിച്ചതിനെ ചോദ്യം ചെയ്ത് രക്ഷിതാക്കളും രംഗത്തെത്തി. നിയമനം റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. 230 ഓളം കുട്ടികളാണ് ഉത്തരാഖണ്ഡിലെ, ചമ്പാവത്ത് ജില്ലിയിലെ സുഖിധാംഗ് ഗ്രാമത്തിലെ ഈ സ്കൂളിൽ പഠിക്കുന്നത്.

നവംബർ 25നാണ് സുനിതയ്ക്ക് ഭോജൻ മാതാ ആയി ജോലി ലഭിക്കുന്നത്. ഉത്തരാഖണ്ഡിലെ സർക്കാർ സ്കൂളുകളിൽ ഉച്ച ഭക്ഷണം പാചകം ചെയ്യുന്നവരെ ഭോജൻ മാതാ എന്നാണ് വിളിക്കുന്നത്.  3000 രൂപ മാത്രമാണ് ഇവർക്ക് മാസശമ്പളം. എന്നാലും സ്ഥിരവരുമാനം ഉണ്ടാകുമല്ലോ എന്ന സന്തോഷത്തിലായിരുന്നു സുനിത. ഇത് സങ്കടത്തിലെത്താൻ അധികം താമസമുണ്ടായില്ല. രണ്ട് കുട്ടികൾക്കും തൊഴിൽ രഹിതനായ ഭർത്താവിനുമൊപ്പമായിരുന്നു സുനിത കഴിഞ്ഞിരുന്നത്. ഡിസംബർ 14ന് സുനിത ഭക്ഷണം പാകം ചെയ്യാൻ തുടങ്ങിയതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. 

ദളിത് സ്ത്രീ ഉണ്ടാക്കുന്ന ആഹാരം കഴിക്കില്ലെന്ന് കുട്ടികൾ വാശിപിടിച്ചു. അവർ വീട്ടിൽ നിന്ന് ആഹാരം കൊണ്ടുവരാൻ തുടങ്ങി. 230 കുട്ടികളിൽ 66 പേർക്കാണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. താനുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കുട്ടികൾ തയ്യാറാവുന്നില്ല എന്നത് സുനിതയെ വളരെയധികം വിഷമത്തിലാക്കി. ഡിസംബർ 13 വരെ കുട്ടികൾ ഒരു കുഴപ്പവുമില്ലാതെ ഭക്ഷണം കഴിച്ചിരുന്നു. എന്നാൽ ഞാൻ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ ഞാനുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ അവർ വിസമ്മതിച്ചു. അത് എന്നെ ഞെട്ടിച്ചു. കഴിക്കരുതെന്ന് കുട്ടികളോട് അവരുടെ രക്ഷിതാക്കൾ തന്നെ പറയുകയാണ്.  - സുനിത പറഞ്ഞു. 

ഡിസംബർ 14 ന് സ്കൂളിലെത്തിയ 14 ഓളം കുട്ടികളുടെ രക്ഷിതാക്കൾ സുനിതയെ ഭക്ഷണം പാകം ചെയ്യുന്നതിഷ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ടു. സ്കൂളിന് സമീപത്തുതന്നെ വിധവയായ പുഷ്പ ഭട്ട് എന്ന സ്ത്രീയുണ്ട്. അവർക്ക് ജോലി ലഭിക്കാതെ അവസാന നിമിഷമാണ് സുനിതയ്ക്ക് ജോലി ലഭിച്ചത്. ഇതിൽ ഗൂഡാലോചനയുണ്ട്. സുനിതയുടെ നിയമനത്തിൽ അന്വേഷണം വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്  - ഗ്രാമവാസിയായ നരേന്ദ്ര ജോഷി പറഞ്ഞു. 

വിദ്യാർത്ഥികൾ സുനിത പാകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചുവെന്നത് സത്യമാണെന്ന് സ്കൂൾ പ്രിൻസിപ്പാൾ പ്രേം ആര്യ സമ്മതിച്ചു. നിയമപ്രകാരം തന്നെയാണ് സുനിതയുടെ നിയമനം നടന്നത്. എന്നാൽ സുനതി പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാൻ വിദ്യാർത്ഥികളെ രക്ഷിതാക്കൾ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നത ജാതിക്കാർ ശക്തരാണ്, അവരെന്നെ ഇവിടെ ജോലി ചെയ്യാൻ അനുവദിക്കുമെന്ന് തോനുന്നില്ല. എന്റെ നിയമനം സാധുവല്ലാതാക്കി ഏതെങ്കിലുമൊരു ഉന്നത ജാതിയിലുള്ള സ്ത്രീയെ നിയമിച്ചാൽ ഞാൻ അത്ഭുതപ്പെടില്ല - സുനിത വ്യക്തമാക്കി.  

click me!