ക്വാറന്‍റൈനില്‍ പോവാതെ തമിഴ്‍നാട്ടിലെ റെഡ് സോണില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍

By Web TeamFirst Published May 9, 2020, 9:47 AM IST
Highlights

കോട്ടയത്ത് തിരികയെത്തിയത് 34 വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ ഇതില്‍  നാലുപേര്‍ മാത്രമാണ് ക്വാറന്‍റൈനില്‍ പോയത്. 

കോട്ടയം: തമിഴ്‍നാട്ടിലെ തീവ്രബാധിത മേഖലയില്‍ നിന്ന് സംസ്ഥാനത്തെത്തിയ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ പോയില്ല. തമിഴ്‍നാട്ടിലെ റെഡ് സോണായ തിരുവള്ളൂരില്‍ നിന്ന് കോട്ടയത്ത് തിരികയെത്തിയത് 34 വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ ഇതില്‍ നാലുപേര്‍ മാത്രമാണ് ക്വാറന്‍റൈനില്‍ പോയത്. ബാക്കിയുള്ള 28 പേരെ കണ്ടെത്താൻ ജില്ലാഭരണകൂടം പൊലീസിന്‍റെ സഹായം തേടി.

അതേസമയം മുത്തങ്ങ അതിർത്തിയിലൂടെ ഇതുവരെ 2340 പേരെ കടത്തിവിട്ടു. ഇതിൽ രോഗ ലക്ഷണങ്ങളുള്ളതും ഹോട്ട്‍സ്‍പോട്ടുകളില്‍ നിന്ന് വന്നവരുമായ 227 പേരെ ഇന്‍സ്‍റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലാക്കി. മുത്തങ്ങ അതിർത്തിവഴി വരുന്നവർക്ക് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് അധികൃതർ. അനുമതിരേഖയില്ലാതെ ആരെയും ഒരു കാരണവശാലും കടത്തിവിടില്ലെന്നും, പാസുമായി വരുന്നവർക്ക് സ്വന്തം വാഹമില്ലെങ്കില്‍ ചെക്‍പോസ്റ്റിന് സമീപം ടാക്സി കാറുകള്‍ ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ യാത്രാ അനുമതി ലഭിക്കാത്തവരടക്കം പരിശോധനാ കേന്ദ്രങ്ങളിലേക്ക് കൂട്ടമായെത്തിയത് നടപടികള്‍ ബുദ്ധിമുട്ടിലാക്കിയിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവർ ഏത് സംസ്ഥാനത്ത് നിന്നാണോ വരുന്നത് അവിടെനിന്നുള്ള യാത്രാ അനുമതിയും, ഏത് ജില്ലയിലേക്കാണോ വരുന്നത് ആ ജില്ലാ കളക്ടറുടെ അനുമതിയും വാങ്ങണമെന്നാണ് നിലവിലെ നിർദേശം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലടക്കം മുത്തങ്ങ അതിർത്തിയിലൂടെ നാട്ടിലേക്ക് വരാനായി എത്തിയ പലരുടെ കൈയിലും അനുമതികളൊന്നും ഉണ്ടായിരുന്നില്ല. മാനുഷിക പരിഗണന കണക്കിലെടുത്ത് ഇതില്‍ പലരെയും അതിർത്തി കടക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇനിയും അത് തുടരാനാകില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.

click me!