'അടുത്ത അജണ്ട പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കല്‍'; രാജ്യസഭയില്‍ സുബ്രഹ്മണ്യന്‍ സ്വാമി

By Web TeamFirst Published Aug 6, 2019, 12:14 PM IST
Highlights

അനധികൃതമായി ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്ത സ്ഥലം തിരികെ നല്‍കാന്‍ ട്രംപിന് പാക്കിസ്ഥാനോട് പറയാമെന്നും അതല്ലാതെ കശ്മീര്‍ വിഷയത്തില്‍ യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ഒരു മധ്യസ്ഥയും ആവശ്യമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി

ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ അടുത്ത അജണ്ടയെ കുറിച്ച് വ്യക്തമാക്കി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ ഇനി പാക് അധീന കശ്മീര്‍ തിരിച്ചു പിടിക്കുകയാണ് അജണ്ടയെന്ന് രാജ്യസഭയിലാണ് നോമിനേറ്റഡ് അംഗമായ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുള്ള പ്രമേയത്തെ പിന്തുണച്ച് സംസാരിക്കുമ്പോഴായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. അനധികൃതമായി ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്ത സ്ഥലം തിരികെ നല്‍കാന്‍ ട്രംപിന് പാക്കിസ്ഥാനോട് പറയാമെന്നും അതല്ലാതെ കശ്മീര്‍ വിഷയത്തില്‍ യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ഒരു മധ്യസ്ഥയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കുക എന്ന അജണ്ട മുന്‍നിര്‍ത്തിയുള്ള നീക്കങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നടത്തും. നരസിംഹ റാവു സര്‍ക്കാരിന്‍റെ കാലത്ത് പാര്‍ലമെന്‍റ് ഒന്നിച്ച് നിന്ന് പാക് അധീന കശ്മീര്‍ തിരിച്ചു പിടിക്കാനായി ബില്‍ പാസാക്കിയിരുന്നതായും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ജമ്മു കശ്മീരിനെയും മറ്റ് സംസ്ഥാനങ്ങളെയും വേർതിരിക്കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദമാണ് ജമ്മു കശ്മീരിൽ വികസനം തടഞ്ഞതെന്നും, അഴിമതി വളർത്തിയതെന്നും അമിത് ഷാ രാജ്യസഭയിൽ ഇന്നലെ പറഞ്ഞിരുന്നു. യൂറോപ്പിലെ സെർബിയയെയും കൊസോവേയെയും പോലെ ആഭ്യന്തര യുദ്ധത്തിലേക്ക് കശ്മീരിനെ മാറ്റില്ലെന്നും, അത്തരമൊരു നടപടിയില്ലാതിരിക്കാനുള്ള ഇച്ഛാശക്തി എൻഡിഎ സർക്കാരിനുണ്ടെന്നും അമിത് ഷായുടെ അവകാശവാദം.  

കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കശ്മീരിൽ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്നും അമിത് ഷാ വ്യക്തമാക്കി.

click me!