
ദില്ലി: മോദിയുടെ ക്രിസ്ത്യൻ പള്ളി സന്ദർശനത്തെ വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. മോദിയുടേത് പ്രീണന നീക്കമാണ്. മോദി ഹിന്ദുത്വത്തെ മോശമാക്കി കാണിച്ചു. പള്ളി സന്ദർശിച്ചത് ബഹുമാനം കൊണ്ടാണോ അതോ തന്ത്രപരമായ നീക്കമോയെന്നും അദ്ദേഹം ചോദിച്ചു. മുൻ കേന്ദ്രമന്ത്രിയും വിരാട് ഹിന്ദുസ്ഥാൻ സംഘം പ്രസിഡന്‍റുമാണ് സുബ്രഹ്മണ്യൻ സ്വാമി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഈസ്റ്റർ ദിനത്തിൽ ദില്ലിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിലാണ് മോദി സന്ദർനം നടത്തിയത്. ദില്ലി ആർച്ച് ബിഷപ്പ് അനിൽ ക്യൂട്ടോ, സിറോ മലബാർ സഭ ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഗുരുഗ്രാം സിറോ മലങ്കര രൂപത അധ്യക്ഷൻ തോമസ് മാർ അന്തോണിയോസ് എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.ദേവാലയത്തിൽ ഇരുപത് മിനിറ്റ് ചെലവഴിച്ച പ്രധാനമന്ത്രി അവിടെയുള്ള വിശ്വാസികൾക്ക് ഈസ്റ്റർ ആശംസ നേർന്നു. മോദി ഈസ്റ്റർ ദിനത്തിൽ ദേവാലയത്തിൽ എത്തിയതിൽ സന്തോഷം എന്നാണ് വിവിധ ക്രൈസ്തവനേതാക്കൾ പ്രതികരിച്ചത്.
ക്രൈസ്തവ സമുദായത്തെ കൂടെ നിർത്താൻ ബിജെപി നടത്തുന്ന നീക്കത്തിൻറെ തുടർച്ചയായാണ് പ്രധാനമന്ത്രിയുടെ സന്ദർശനവും വിലയിരുത്തപ്പെടുന്നത്. നാഗാലാൻഡിലും ഗോവയിലും മേഘാലയയിലും കഴിഞ്ഞത് കേരളത്തിലും ആവർത്തിക്കണം എന്ന നിർദ്ദേശമാണ് പാർട്ടി നേതാക്കൾക്ക് മോദി നല്കിയിരിക്കുന്നത്. കേരളത്തിൽ പ്രാധാന്യം നല്കുമ്പോഴും ഈ സന്ദർശനത്തിന് ദേശീയതലത്തിൽ ബിജെപി വലിയ പ്രചാരണം നല്കിയില്ല. ഓർത്തഡോക്സ് സഭ ആസ്ഥാനം സന്ദർശിക്കാനുള്ള അദ്ധ്യക്ഷൻറെ ക്ഷണം നേരത്തെ മോദി സ്വീകരിച്ചിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam