പാക് സൈന്യത്തിന്‍റെ നുഴഞ്ഞു കയറ്റ ശ്രമം തകർത്തെന്ന് കരസേന; ചിത്രങ്ങളും പുറത്ത് വിട്ടു

Published : Aug 03, 2019, 09:38 PM ISTUpdated : Aug 03, 2019, 10:09 PM IST
പാക് സൈന്യത്തിന്‍റെ നുഴഞ്ഞു കയറ്റ ശ്രമം തകർത്തെന്ന്  കരസേന; ചിത്രങ്ങളും പുറത്ത് വിട്ടു

Synopsis

കൊല്ലപ്പെട്ട നാല് പേരുടെ ചിത്രങ്ങൾ ഉള്‍പ്പടെ പുറത്തുവിട്ടാണ്, നുഴഞ്ഞ് കയറ്റ ശ്രമം തടഞ്ഞതായി കരസേന അറിയിച്ചത്. നാല് പേരുടെയും മൃതദേഹം ഇന്ത്യൻ ഔട്ട്പോസ്റ്റുകളോട് ചേർന്ന് തന്നെയാണ് കിടക്കുന്നതെന്നും സേന അറിയിച്ചു.

കശ്മീ‌ർ: കശ്മീർ അതിർത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകർത്തെന്ന് കരസേന. കശ്മീരിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 4 ഭീകരരെ വധിച്ചുവെന്ന് സേന അറിയിച്ചു. ജൂലൈ 31ന് രാത്രിയാണ് കേരാൻ സെക്ടറിലൂടെ കശ്മീരിലേക്ക് നുഴഞ്ഞ് കയറാനുള്ള ശ്രമമുണ്ടായത്. പാക് സേനയുടെ ബോർ‍‍‍‍ഡർ‍ ആക്ഷൻ ടീമാണ് നുഴഞ്ഞ് കയറ്റ ശ്രമം നടത്തിയതെന്ന് ഇന്ത്യൻ സേന പറഞ്ഞു.

36 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ  വധിച്ചത്. കൊല്ലപ്പെട്ട നാല് പേരുടെ ചിത്രങ്ങൾ ഉള്‍പ്പടെ പുറത്തുവിട്ടാണ്, നുഴഞ്ഞ് കയറ്റ ശ്രമം തടഞ്ഞതായി കരസേന അറിയിച്ചത്. നാല് പേരുടെയും മൃതദേഹം ഇന്ത്യൻ ഔട്ട്പോസ്റ്റുകളോട് ചേർന്ന് തന്നെയാണ് കിടക്കുന്നതെന്നും സേന അറിയിച്ചു. മൃതദേഹങ്ങൾ കണ്ടെടുക്കാതിരിക്കാന്‍ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് കരസേന നിരന്തരമായി വെടിയുതിർക്കുകയാണെന്നും കരസേന അറിയിച്ചു. പാക് സേന നിർമ്മിച്ച നാല് ബങ്കറുകൾ കരസേന തകർത്തു.

കശ്മീരിൽ ഭീകരവാദ  പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ പാകിസ്ഥാൻ ശ്രമം നടത്തുകയാണെന്നും അമർനാഥ് യാത്രയ്ക്ക് അടക്കം ഭീഷണിയുണ്ടാക്കുന്ന നടപടികൾ ഉണ്ടാകുന്നുണ്ടെന്നും കരസേന പറയുന്നു. നേരത്തെ സോപോരയിലും ഷോപ്പിയാനിലും തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലിൽ നാല് ഭീകരരെയും സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ സീനത്ത് ഉൾ ഇസ്ലാം എന്ന ഭീകരനും ഉൾപ്പടുന്നതായി സൈന്യം അറിയിച്ചു. 2018 ആഗസ്റ്റിൽ ഷോപ്പിയാൻ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് നാല് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയാണ് ഇയാൾ.

അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് പാകിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് സുരക്ഷാസേന തലവന്‍മാര്‍ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാൻ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറി പുറത്തുവിട്ട ഉത്തരവിലാണ് സുരക്ഷകാരണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനം വിടാന്‍ സഞ്ചാരികളോടും തീര്‍ത്ഥാടകരോടും ആവശ്യപ്പെട്ടത്. 

കശ്മീരില്‍ പൊടുന്നനെയുണ്ടായ സൈനികവിന്യാസവും അതീവ ജാഗ്രതാ നിര്‍ദ്ദേശവും സംസ്ഥാനത്തെ സാധാരണ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ഉടനെയുണ്ടാവും എന്ന അഭ്യൂഹം സംസ്ഥാനത്ത് വളരെ ശക്തമാണ്. സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള സാധാരണ സുരക്ഷാ നടപടികളാണ് ഇതെന്നും അതല്ല നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള സൈനികവിന്യാസമാണെന്നും പലരും കരുതുന്നു. 

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പും കശ്മീര്‍ നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന 35- എ വകുപ്പും എടുത്തു കളയുന്ന പ്രഖ്യാപനം ഉടനെയുണ്ടാവും എന്നും അഭ്യൂഹങ്ങളുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതിക്കെതിരെ അപ്പീലുമായി ഇഡി
5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം