
ചെന്നൈ: തമിഴ്നാട്ടിലെ പൊങ്കൽ ആഘോഷത്തിനുള്ള പ്രധാന വിഭവമായ ചെങ്കരിമ്പിന്‍റെ വിളവെടുപ്പ് തുടങ്ങി. തമിഴ്നാട്ടിലെ 17 ജില്ലകളിലായി 20,000 ത്തിലധികം ഏക്കർ സ്ഥലത്താണ് പൊങ്കൽ വിപണി ലക്ഷ്യമിട്ട് ചെങ്കരിമ്പ് കൃഷി ചെയ്യുന്നത്.
പൊങ്കൽ ആഘോഷങ്ങൾക്ക് മധുരം കൂട്ടാനാണ് ചെങ്കരിമ്പ് ഉപയോഗിക്കുന്നത്. പൊങ്കൽ ദിവസങ്ങളിൽ ബന്ധുക്കളെ കാണാൻ പോകുമ്പോഴും ഈ കരിമ്പ് കൊണ്ടുപോകും. പൊങ്കൽ വിപണി മാത്രം ലക്ഷ്യമിട്ടാണ് ചെങ്കരിമ്പ് കൃഷി. പഞ്ചസാരയുടെ അംശം കുറവായതിനാൽ മറ്റൊന്നിനും ഇതുപയോഗിക്കില്ല. അതുകൊണ്ടുതന്നെ ഈയിനം കൃഷി ചെയ്യുന്നതും കുറവാണ്.
ജനുവരിയിൽ വിളവെടുക്കാൻ പാകത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ചെങ്കരിമ്പ് കൃഷി തുടങ്ങുന്നത്. മൂപ്പുകുറവായതിനാൽ പത്തു മാസം കൊണ്ട് വിളവെടുക്കാം. ഏഴടി വരെ ഉയരത്തിൽ വളരും. ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്യാൻ രണ്ടര ലക്ഷത്തോളം രൂപ ചെലവാകും. വലിപ്പത്തിനനുസരിച്ച് പത്തും പതിനഞ്ചും എണ്ണം വീതമുള്ള കെട്ടുകളാക്കിയാണ് വിൽപ്പനക്ക് എത്തിക്കുന്നത്. ഒരു കെട്ടിന് 250 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.
തേനി ജില്ലയിൽ ചിന്നമന്നൂർ, കോട്ടൂർ എന്നിവിടങ്ങളിലാണ് ചെങ്കരിമ്പ് കൃഷിയുള്ളത്. ഇവിടെ നിന്നുള്ള കരിമ്പ് തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിലേക്കും കേരളത്തിലേക്കും എത്തുന്നുണ്ട്. രണ്ടു വർഷമായി റേഷൻ കടകൾ വഴി ആറടി നീളമുള്ള കരിമ്പ് സർക്കാർ കുറഞ്ഞ വിലയ്ക്ക് കാർഡുടമകൾക്ക് നൽകുന്നുണ്ട്. സഹകരണ സംഘങ്ങൾ വഴിയാണ് ഇതിനുള്ള കരിമ്പ് ശേഖരിക്കുന്നത്. ഇതോടെ വിപണിയിൽ കരിമ്പിന്‍റെ വില ഉയരുമെന്നാണ് കർഷകരുടെ പ്രതീക്ഷ. അങ്ങനെയെങ്കിൽ കർഷകരുടെ പൊങ്കൽ ദിനങ്ങൾ കൂടുതൽ മധുരമുള്ളതാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam