
നോയിഡ : സ്റ്റാളിൽ വിൽക്കാനുള്ള ഭക്ഷണമുണ്ടാക്കാൻ വെള്ളക്കടല വേവിക്കാനിട്ട യുവാക്കൾക്ക് ദാരുണാന്ത്യം. നോയിഡയിലെ സെക്ടർ 70ലെ ബസായിലെ വാടക വീട്ടിൽ വച്ചാണ് സംഭവം. ഉപേന്ദ്ര (22), ശിവം (23) എന്നിവരാണ് മരിച്ചത്. സംഭവം നടന്ന ശേഷം മണിക്കൂറുകൾക്ക് ശേഷമാണ് അയൽവാസികൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വന്തമായി ഒരു സ്റ്റാളിട്ട് ഛന്നമസാലയും കുൽച്ചയും കച്ചവടം നടത്തി വരികയാണ് ഇവർ. വെള്ളിയാഴ്ച്ച രാത്രിയോടെ വെള്ളക്കടല പാകം ചെയ്യാനായി കുക്കറിലാട്ട് ഉറങ്ങാൻ പോയതാകാമെന്നാണ് നിലവിൽ പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ പറയുന്നത്. യഥാർത്ഥ പാകം കഴിഞ്ഞിട്ടും വെള്ളക്കടല സ്റ്റൗവിൽ വേവാനിട്ടിരുന്നതു കൊണ്ട് മുറിയിൽ പുക നിറഞ്ഞതാകാമെന്നും നോയിഡ സെൻട്രൽ സോൺ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ രാജീവ് ഗുപ്ത പറഞ്ഞു.
പുക നിറഞ്ഞിരുന്ന സമയത്തും വീടിന്റെ ജനലുകൾ അടച്ചിട്ടിരുന്നതിനാൽ മുറിയിൽ ഓക്സിജൻ ലഭിച്ചിട്ടുണ്ടാവാൻ സാധ്യതയില്ല. ഓക്സിജൻ ദൗർബല്യവും പുകയുമായി കൂടിച്ചേർന്ന് വീട്ടിൽ വലിയ അളവിൽ കാർബൺ മോണോക്സൈഡ് ഉണ്ടാകാൻ കാരണമായെന്നും അദ്ദഹം പ്രതികരിച്ചു. വിഷപ്പുക ശ്വസിച്ചാണ് ഇരുവരും മരിച്ചിട്ടുള്ളതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
മണിക്കൂറുകൾക്ക് ശേഷവും വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികൾ വീടിൻ്റെ വാതിൽ തകർത്ത് ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നോയ്ഡ സെക്ടർ 39 ലെ ജില്ലാ ആശുപത്രിയിലെത്തുമ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. മരിച്ച യുവാക്കളുടെ ശരീരത്തിൽ മുറിവുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ പൊലീസ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.
മണമില്ലാത്ത ഒരു വിഷ വാതകമാണ് കാർബൺ മോണോക്സൈഡ്. കാറുകളിൽ നിന്നോ ട്രക്കുകളിൽ നിന്നോ സ്റ്റൗകളിൽ നിന്നോ ഓവനുകളിൽ പാകം ചെയ്യുമ്പോഴോ ഗ്രിൽ ചെയ്യുമ്പോഴോ ജനറേറ്ററുകളിൽ നിന്നോ എല്ലാം ഇത് പുറന്തള്ളപ്പെട്ടേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam