സുഖ്‍വീന്ദർ സിംഗ് ഹിമാചൽ  മുഖ്യമന്ത്രി, സത്യപ്രതിജ്ഞാ ചടങ്ങിൽ സാന്നിധ്യമായി രാഹുലും പ്രിയങ്കയും ഖർഗെയും

Published : Dec 11, 2022, 02:08 PM ISTUpdated : Dec 11, 2022, 02:19 PM IST
സുഖ്‍വീന്ദർ സിംഗ് ഹിമാചൽ  മുഖ്യമന്ത്രി, സത്യപ്രതിജ്ഞാ ചടങ്ങിൽ സാന്നിധ്യമായി രാഹുലും പ്രിയങ്കയും ഖർഗെയും

Synopsis

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെ സാന്നിധ്യത്തിൽ ഷിംലയിൽ നടന്ന ചടങ്ങുകളിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം സച്ചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കളും പങ്കെടുത്തു.

ദില്ലി : അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമം. ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി ഹിമാചൽ പ്രദേശിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി സുഖ്‍വീന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെ സാന്നിധ്യത്തിൽ ഷിംലയിൽ നടന്ന ചടങ്ങുകളിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം സച്ചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കളും പങ്കെടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ മുകേഷ് അഗ്നിഹോത്രി ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. 

ഇടഞ്ഞുനിൽക്കുന്ന പിസിസി പ്രസിഡന്‍റ് പ്രതിഭാ സിംഗിനെ ,വീട്ടിലെത്തി കണ്ടതിന് ശേഷമാണ് സുഖ്‍വീന്ദർ സിംഗ് അധികാരമേറ്റെടുത്തത്. മകൻ വിക്രമാദിത്യ സിംഗ് മിക്കവാറും മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് പ്രതിഭാ സിംഗ് പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനം ബഹുമാനിക്കുന്നതായി  വിക്രമാദിത്യ സിംഗും വ്യക്തമാക്കി.  

കഴിഞ്ഞ നാല് പതിറ്റാണ്ടിൽ ഹിമാചൽ പ്രദേശ് കോൺഗ്രസിനെ എല്ലാ തലങ്ങളിലും നയിച്ച് കഴിവുതെളിയിച്ചാണ് സുഖ് വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രിസ്ഥാനത്തേക്കെത്തുന്നത്. സംസ്ഥാന കോൺഗ്രസിലെ അതികായനായിരുന്ന വീരഭദ്ര സിങ്ങിനോട് കലഹിച്ചു നിന്നായിരുന്നു സുഖുവിന്റെ രാഷ്ട്രീയത്തിലെ വളർച്ച. പത്ര വിതരണക്കാരനായി വരുമാനം കണ്ടെത്തിയ വിദ്യാർത്ഥിയിൽനിന്നും മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയ സുഖുവിനെ സാധാരണക്കാരുടെ പ്രതിനിധിയായാണ് കോൺഗ്രസ് അവതരിപ്പിക്കുന്നത്. 

സംസ്ഥാനത്തെ പ്രബല ജാതി വിഭാഗമായ രജ്പുത്ത് വിഭാഗക്കാരനാണ് സുഖ്വീന്ദർ സിംഗ് സുഖു. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ  ബസ്ഡ്രൈവറുടെ മകനായി ജനനം. ജീവതത്തിൽ അടിമുടി രാഷ്ട്രീയക്കാരനാണ് സുഖ്വീന്ദർ സിംഗ് സുഖുവെന്ന് അടുപ്പമുള്ളവർ പറയും. പ്രീഡിഗ്രി പഠനകാലത്ത് നേതൃ പദവിയിലേക്കെത്തി. അന്നുമുതൽ കോൺഗ്രസിന്റെ തണലിലാണ് ജീവിതം. നിയമ ബിരുദ പഠന കാലത്ത് പുലർച്ച പത്രം വിതരണം ചെയ്തും പാല് വിറ്റും ചിലവിന് പണം കണ്ടെത്തിയിട്ടുണ്ട് സുഖു.

എൻഎസ്‍യുവിനെയും യൂത്ത് കോൺഗ്രസിനെയും പതിനാറ് കൊല്ലം സംസ്ഥാനത്ത് സുഖു നയിച്ചു. 4 വർഷം സംസ്ഥാന ജനറൽ സെക്രട്ടറി. 6 വർഷം പിസിസി അധ്യക്ഷനായി. രാഹുൽ ഗാന്ധിയുമായും അടുത്ത ബന്ധം. എന്നാൽ ഒന്നിടവിട്ട തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുന്ന സംസ്ഥാനത്ത് നാലുപതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജിവിതത്തിൽ ഇതുവരെ സുഖു മന്ത്രിയായിട്ടില്ല. 1992 ൽ ഷിംല കോർപ്പറേഷൻ കൗൺസിലറായി. 2003 മുതൽ നാല് തവണ എംഎൽഎയായിരുന്നു. 2007 മുതൽ 5 വർഷം നിയമസഭയിൽ ചീഫ് വിപ്പും ആയി. 

ആരാണ് സുഖ്‍വിന്ദർ സിംഗ് സുഖു? പ്രതിഭാ സിംഗിനെ തള്ളി ഹിമാചലിന്റെ മുഖ്യമന്ത്രി പദത്തിലേക്ക്!

ബിജെപി വിജയിക്കുന്ന തെരഞ്ഞടുപ്പുകളിൽപോലും ലോവർ ഹിമാചലിലെ മണ്ഡലങ്ങളെ കോൺഗ്രസിനൊപ്പം നിർത്തുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചു. ഒടുവിൽ ഈ തെരഞ്ഞെടുപ്പിൽ പ്രചാരണ സമിതി തലവനായും സുഖു കഴിവ് തെളിയിച്ചു. രാഹുൽ ഗാന്ധി പ്രചാരണത്തിൽമാറി നിന്നപ്പോൾ പ്രാദേശിക വിഷയങ്ങളിലൂന്നിയുള്ള സുഖുവിന്റെ തന്ത്രം ഫലം കണ്ടു. സംസ്ഥാന കോൺഗ്രസിലെ അതികായനായ വീരഭദ്ര സിങ്ങിന്റെ പ്രതാപകാലത്ത് സിങ്ങിനെ പലപ്പോഴും എതിർത്തു നിലപാടെടുത്തു. ഇതുവഴി ആരോടും മുഖം നോക്കി കാര്യം പറയുന്ന നേതാവെന്ന് പേരെടുത്തു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് സുഖുവിന്റെ പേരുയർന്നപ്പോൾ പ്രതിഭാ സിംഗ് കലഹിച്ചതി്ന് കാരണവും മറ്റൊന്നല്ല. കുടുംബപാർട്ടിയെന്ന ആരോപണം ഹിമാചലിലും ഉയരാതിരിക്കാൻ കൂടി വേണ്ടിയാണ് പ്രതിഭാ സിംഗിനെ തഴഞ്ഞ് സുഖുവിലേക്ക് കേന്ദ്ര നേതൃത്ത്വം എത്തിയത്.

സുഖ്‍വിന്ദർ സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയാകും, പ്രഖ്യാപനം പ്രതിഭയുടെ സാന്നിധ്യത്തിൽ, സത്യപ്രതിജ്ഞ നാളെ

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം