
ബെംഗളൂരു: ജെഡിഎസിന്റെയും കോൺഗ്രസിന്റെയും ശക്തികേന്ദ്രമായ ഓൾഡ് മൈസൂരു മേഖലയിൽ സിറ്റിംഗ് എംപി സുമലതയെ ഇറക്കി പരമാവധി വോട്ട് നേടാൻ ബിജെപിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങളിൽ ആകൃഷ്ടരായ വൊക്കലിഗ സമൂഹമടക്കം ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് സുമലത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇനി സംസ്ഥാനരാഷ്ട്രീയത്തിൽ കാണുമോ എന്ന ചോദ്യത്തിന് ഒന്നും പറയാറായിട്ടില്ലെന്നായിരുന്നു സുമലതയുടെ മറുപടി. സുമതല ഇറങ്ങുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നാണ് സുമതലയുടെ നിലപാട്.
ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി ചന്നപട്ടണയ്ക്ക് പിന്നാലെ മാണ്ഡ്യയിൽ കൂടി മത്സരിച്ചാൽ സുമലതയെ ബിജെപി ഇറക്കും. നിലവിൽ മാണ്ഡ്യ എംപിയാണ്. പാർട്ടി പറഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് സുമലത നേരത്തെ പറഞ്ഞു. നേരത്തേ ബിജെപിക്ക് സുമലത തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. മാണ്ഡ്യയിൽ ആര് വന്നാലും ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ കഴിയുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് സുമലത പറഞ്ഞു. മത്സരിച്ചാലും ഇല്ലെങ്കിലും മാണ്ഡ്യ മേഖലയിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം തന്നെ ആകർഷിച്ചുവെന്നും സുമലത പറഞ്ഞിരുന്നു.
ചന്നപട്ടണയ്ക്ക് പുറമേ മാണ്ഡ്യയിൽ നിന്ന് കൂടി മത്സരിക്കാൻ കുമാരസ്വാമി ആലോചിക്കുന്നുണ്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കുമാരസ്വാമിയുടെ മകൻ നിഖിലിനെ തോൽപിച്ചാണ് മാണ്ഡ്യയിൽ സുമലത അട്ടിമറി വിജയം നേടിയത്. കോൺഗ്രസിന്റെയും ബിജെപിയുടെയും പിന്തുണ സുമലതക്ക് ലഭിച്ചു. സഖ്യ സമവായത്തെ തുടർന്നാണ് കോൺഗ്രസ് മണ്ഡലം ജെഡിഎസിന് നൽകിയത്. മാണ്ഡ്യയിൽ തന്നെ മത്സരിപ്പിക്കണമെന്ന് സുമലത കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സ്വതന്ത്രയായി മത്സരിച്ചത്. എന്നാൽ മണ്ഡലത്തിൽ കടുത്ത വിരുദ്ധവികാരം നിലവിൽ സുമലത നേരിടുന്നുണ്ട്. ഇനിയൊരു തവണ മത്സരിച്ചാൽ ജയിക്കില്ലെന്ന് സുമലത തിരിച്ചറിയുന്നുണ്ട്. അതിനാലാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ബിജെപി പിന്തുണയോടെ ഇറങ്ങാൻ സുമലത ആലോചിക്കുന്നത്.