
ബെംഗളൂരു: വാഹനങ്ങളുടെ സൺറൂഫിലൂടെ തല പുറത്തേക്കിട്ട് കാഴ്ചകൾ കാണുന്നത് അപകടകരമാണെന്ന് മോട്ടോർ വാഹന വകുപ്പ് നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ട്. എന്നിട്ടും ഓടുന്ന വാഹനങ്ങളുടെ സണ്‍റൂഫിലൂടെ തല പുറത്തേക്കിടുന്നത് നിയമവിരുദ്ധമാണെന്ന് അംഗീകരിക്കാൻ പലരും തയ്യാറല്ല. കാഴ്ച കാണാനല്ലെങ്കിൽ പിന്നെ എന്തിനാണ് വാഹനങ്ങൾക്ക് സണ്‍റൂഫ് എന്നാണ് പലരും ചിന്തിക്കുന്നത്. മുന്നറിയിപ്പുകൾ അവഗണിച്ച് അപകടത്തിൽ ചെന്നുചാടുന്ന സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. അത്തരമൊരു അപകടത്തിന്‍റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചുവന്ന കാറിലെ സണ്‍ റൂഫിലൂടെ തല പുറത്തേക്കിട്ട് നിൽക്കുന്ന കുട്ടിയെ വീഡിയോയിൽ കാണാം. അതിനിടെയാണ് അപ്രതീക്ഷിതമായി കുട്ടിയുടെ തല, വലിയ വാഹനങ്ങളുടെ യാത്ര നിയന്ത്രിക്കാൻ സ്ഥാപിച്ച ഓവർഹെഡ് ബാരിയറിൽ ഇടിച്ചു. കുട്ടി ഉടനെ വാഹനത്തിനുള്ളിലേക്ക് വീണു. കുട്ടിയുടെ പരിക്ക് ഗുരുതരമാണോയെന്ന് ഇപ്പോൾ വ്യക്തമല്ല. ശനിയാഴ്ച ബെംഗളൂരുവിലാണ് ഈ സംഭവം നടന്നത്. "അടുത്ത തവണ നിങ്ങളുടെ കുട്ടികളെ തല പുറത്തേക്കിടാൻ അനുവദിക്കും മുൻപ്, ഒരു തവണ കൂടി ചിന്തിക്കുക" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്സിൽ പങ്കുവെച്ചത്.
വീഡിയോയ്ക്ക് താഴെ കാറിലുണ്ടായിരുന്നവരുടെ അശ്രദ്ധയെ വിമർശിച്ച് നിരവധി കമന്‍റുകൾ കാണാം. "ദൈവമേ... പാവം കുട്ടി. കുട്ടി സുരക്ഷിതനായിരിക്കുമെന്ന് കരുതുന്നു. ഈ അപകടത്തിന്‍റെ പൂർണ ഉത്തരവാദിത്വം കാറിലുണ്ടായിരുന്ന മുതിർന്നവർക്കാണ്" എന്നാണ് ഒരു കമന്‍റ്. കുട്ടികൾക്ക് അപകടത്തെ കുറിച്ച് വലിയ ധാരണയുണ്ടാവില്ലല്ലോ, കുട്ടികളെ ഓടുന്ന കാറിൽ നിന്ന് തല പുറത്തേക്കിടാൻ അനുവദിക്കുന്നത് എത്ര അപകടകരമാണെന്ന് മാതാപിതാക്കൾ ഇനിയെങ്കിലും തിരിച്ചറിയണം എന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്തിനാണ് ഇന്ത്യയിലെ വാഹനങ്ങൾക്ക് സൺറൂഫ് ഫീച്ചർ അനുവദിച്ചിരിക്കുന്നത്, നിരോധിക്കണം എന്നാണ് മറ്റൊരു കമന്‍റ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam