Asianet News MalayalamAsianet News Malayalam

'അവിവാഹിതരായ സ്ത്രീകള്‍ക്കും നിയമപരമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ട്'; സുപ്രധാന വിധിയുമായി സുപ്രീംകോടതി

നിയമപരമായ ഗര്‍ഭഛിദ്രത്തിന് വിവാഹിതരായ സ്ത്രീകള്‍ക്കും അവിവാഹിത  സ്ത്രീകള്‍ക്കും ഒരേ പോലെ അവകാശമുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

Supreme Court says All Women Entitled To  Legal Abortion
Author
First Published Sep 29, 2022, 11:46 AM IST

ദില്ലി: സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് ചരിത്രവിധിയുമായി സുപ്രീംകോടതി. ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും അവിവാഹിതര്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നും സുപ്രീംകോടതിയുടെ വിധി പ്രസ്താവം. സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ചയും ബലാത്സംഗമാണെന്നും മെഡിക്കല്‍ പ്രഗ്നന്‍സ ടെര്‍മിനേഷന്‍ നിയമം ഭര്‍ത്താവിന്റെ പീഡനത്തിനും ബാധകമാണെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു.

വിവാഹിതരും അവിവാഹിതരുമായുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭത്തിന്റെ 24 ആഴ്ച വരെയുള്ള കാലത്ത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രകാരം ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്നാണ് സുപ്രീംകോടതിയുടെ സുപ്രധാനവിധി പ്രസ്താവത്തിൽ വ്യക്തമാക്കുന്നത്. ഇതിൽ തരംതിരിവ് പാടില്ലെന്നാണ് കോടതിയിടെ ഉത്തരവ്. നിലവിലെ നിയമത്തിൽ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമായിരുന്നു ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടായിരുന്നത്. ഇതാണ് സുപ്രീംകോടതി മാറ്റിയിരിക്കുന്നത്. ഗര്‍ഭഛിദ്രം സ്വന്തം നിലക്ക് സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ല. വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും ഇക്കാര്യത്തില്‍ ഒരേ അവകാശമാണെന്നും കോടതി വിധിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. അനാവശ്യ ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശം ഇല്ലാതാക്കാന്‍ ഒരു സ്ത്രീയുടെ വൈവാഹിക നില അടിസ്ഥാനമാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 

അതേസമയം സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ചയും ബലാത്സംഗമാണെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു. മെഡിക്കല്‍ പ്രഗ്നന്‍സ ടെര്‍മിനേഷന്‍ നിയമം ഭര്‍ത്താവിന്റെ പീഡനത്തിനും ബാധകമാണെന്നും കോടതി പറഞ്ഞു. ഭര്‍ത്താവിന്റെ ലൈംഗിക ബന്ധത്തെ എതിര്‍ക്കാന്‍ പാടില്ലെന്നും ഇത്തരത്തില്‍ എതിര്‍ക്കുന്നത് കുടംബ ബന്ധത്തെ തകര്‍ക്കുമെന്നും നിരവധി കീഴ്‌ക്കോടതികള്‍ നേരത്തെ വിധിച്ചിരുന്നു. ഇത്തരം വിധി പ്രസ്താവനകള്‍ കൂടിയാണ് സുപ്രീംകോടതി റദ്ദ് ചെയ്തിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 24 ആഴ്ച ഗര്‍ഭിണിയായ അവിവാഹിതയായ സ്ത്രീ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വിവാഹിതയല്ലെന്ന കാരണത്താല്‍ ദില്ലി ഹൈക്കോടതി ഇവര്‍ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios