വിദേശതടവുകാരെ വിട്ടയച്ചാൽ അവർ രാജ്യം വിടില്ലെന്ന് എന്താണ് ഉറപ്പെന്ന് കോടതി.
ദില്ലി: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പരോളോ ജാമ്യമോ നൽകി വിട്ടയക്കുന്നതിനെതിരെ സുപ്രീംകോടതി. ഇതിൻ്റെ ഗൗരവം സംസ്ഥാനങ്ങൾ മനസിലാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. വിട്ടയക്കുന്ന തടവുകാരിൽ പലരുടേയും കുടുംബത്തിലെ ആളുകളുടെ അവസ്ഥ എന്താണ് എന്നറിയാമോ എന്നും കൊവിഡ് നിരീക്ഷണത്തിലുള്ളവർ തടവുകാരുടെ വീടുകളിലുണ്ടോ എന്ന് എങ്ങനെ അറിയുമെന്നും കോടതി ചോദിച്ചു.
മുപ്പത് ദിവസത്തേക്കാണ് പരോൾ അനുവദിക്കുന്നതെന്നും തിരിച്ചു വരുന്ന തടവുകാരെ നിരീക്ഷണത്തിൽ നിർത്തിയ ശേഷമേ മറ്റു തടവുകാർക്കൊപ്പം പാർപ്പിക്കൂവെന്നും കേന്ദ്രസർക്കാരിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി. വിദേശതടവുകാരെ വിട്ടയച്ചാൽ അവർ രാജ്യം വിടില്ലെന്ന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു. വിഷയത്തിൽ മുതിർന്ന അഭിഭാഷകനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. അതേസമയം സമൂഹികഅകലം പാലിക്കുക എന്ന ലക്ഷ്യത്തോടെ ജയിൽ പുള്ളികളെ ഗോവ സർക്കാർ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയ കാര്യം അറ്റോർണി ജനറൽ കെകെ വേണുഗോപാൽ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
അതിനിടെ വിഡിയോ കോൺഫറൻസിംഗ് വഴി സുപ്രീംകോടതി കേസുകൾ കേൾക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് പരാതിപ്പെട്ടു. ഒരുപാട് തവണയായി ഈ പ്രശ്നം തുടരുകയാണെന്നും ആരാണ് ഇതിന്റെയൊക്കെ ചുമതലക്കാരനെന്നും ഐടി മന്ത്രിയോ മറ്റാരെങ്കിലുമാണോ ചുമതലക്കാരൻ എന്നും കോടതി ആരാഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam