സീതാറാം യെച്ചൂരിക്ക് കശ്മീരില്‍ പോകാം, തരിഗാമിയെ കാണാം; കേന്ദ്രത്തെ തള്ളി സുപ്രീംകോടതി

By Web TeamFirst Published Aug 28, 2019, 11:01 AM IST
Highlights

രാജ്യത്തെ ഒരു പൗരന് സഹപ്രവർത്തകനെ കാണാനുള്ള അവകാശം തടയാനാകില്ല എന്ന് കോടതി വ്യക്തമാക്കി.

ദില്ലി: ജമ്മു കശ്മീരിലെ സിപിഎം നേതാവ് മുഹമദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കി. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. കേന്ദ്രസര്‍ക്കാരിന്‍റെ എതിര്‍പ്പ് തള്ളിയാണ് യെച്ചൂരിക്ക് സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. 
 
കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമുതല്‍ വീട്ടുതടങ്കലിലാണ് എംഎല്‍എയായ തരിഗാമി. ഈ സാഹചര്യത്തിലാണ് യെച്ചൂരി ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്.  രാജ്യത്തെ ഒരു പൗരന് സഹപ്രവർത്തകനെ കാണാനുള്ള അവകാശം തടയാനാകില്ല എന്ന് കോടതി വ്യക്തമാക്കി. താരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ വേണ്ടി മാത്രമാണ് സന്ദര്‍ശനാനുമതി. താരിഗാമിയെ കാണുക എന്നതല്ലാതെ മറ്റൊന്നും പാടില്ല. സന്ദർശനം രാഷ്ട്രീയ ഉദ്ദ്യേശത്തോടെ ആകരുതെന്നും കോടതി നിര്‍ദ്ദേശിച്ചിച്ചുണ്ട്.

താരിഗാമിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവും ഇല്ലെന്ന് അറിയിച്ചാണ് യെച്ചൂരിയുടെ സന്ദര്‍ശനത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തത്. എന്നാല്‍,  സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദങ്ങള്‍ കോടതി തള്ളി. ശ്രീനഗർ എസ്‍പിക്കാണ് യെച്ചൂരിയുടെ സുരക്ഷാച്ചുമതല നല്‍കിയിരിക്കുന്നത്. 

click me!