
ദില്ലി: നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷയിൽ നിന്ന് പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തരുതെന്ന് സുപ്രീംകോടതി. സെപ്റ്റംബര്‍ 5ന് നടക്കുന്ന എൻ.ഡി.എ പ്രവേശന പരീക്ഷ എഴുതാൻ പെണ്‍കുട്ടികളെയും അനുവദിക്കണമെന്ന് കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചു. നയപരമായ തീരുമാനമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളി.
സ്ത്രീകള്‍ക്കും പരുഷന്‍മാര്‍ക്കും തുല്യാവസരമില്ലാത്തത് മാനസികാവസ്ഥയുടെ പ്രശ്നമെന്ന് നീരീക്ഷിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. തുല്യത ഉറപ്പാക്കുന്ന നയമല്ല പ്രതിരോധ സേനകളുടേത്. ആണ്‍കുട്ടികൾക്കൊപ്പമിരുന്ന് പെണ്‍കുട്ടികൾ പഠിക്കുന്നത് ഒരു പ്രശ്നമായി മാറുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
നാഷണൽ ഡിഫൻ അക്കാദമി, നാവിക അക്കാദമി പരീക്ഷകൾക്ക് പെണ്‍കുട്ടികളെ അനുവദിക്കാത്ത കേന്ദ്ര നയത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതു താൽപ്പര്യ ഹർജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്‍റെ ഉത്തരവ്. എൻഡിഎ പരീക്ഷക്ക് പെണ്‍കുട്ടികളെ അനുവദിക്കാത്തത് നയപരമായ തീരുമാണെന്നും ഇതിൽ കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. വിവേചനപരമായ തീരുമാനം തുടരുന്നതെന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം.
സെപ്റ്റംബര്‍ 5നാണ് എൻഡി.എ പ്രവേശൻ പരീക്ഷ. പരീക്ഷ എഴുതാൻ പെണ്‍കുട്ടികളെ അനുവദിച്ചെങ്കിലും തുടര്‍ തീരുമാനങ്ങൾ ഈ കേസിലെ അന്തിമ വിധിക്ക് അനുസരിച്ചായിരിക്കുമെന്നും കോടതി വ്യക്തമാക്കി. കോടതി തീരുമാനം അറിയിപ്പായി യു.പി.എസ്.ഇ ഉടൻ പുറത്തിറക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രതിരോധ സേനകളിലെ പെര്‍മനന്‍റ് കമ്മീഷൻ വിധിക്ക് ശേഷമാണ് എൻഡിഎ പരീക്ഷകളിലും തുല്യത ഉറപ്പാക്കിക്കൊണ്ടുള്ള സുപ്രീംകോടതി തീരുമാനം.