
ദില്ലി: കാർഷിക നിയമങ്ങൾ പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച വിദ്ഗധ സമിതിയുടെ ആദ്യ യോഗം തുടങ്ങി. സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ പ്രവർത്തനം സംബന്ധിച്ച രൂപരേഖ തയ്യാറാക്കാനാണ് അംഗങ്ങൾ യോഗം ചേരുന്നത്. നാല് അംഗ സമിതിയിൽ നിന്ന് നേരത്തെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഭൂപേന്ദ്ര സിംഗ് മാൻ രാജിവച്ചിരുന്നു. ഈ സാഹചര്യത്തിൽ മറ്റു മൂന്ന് പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. സമരം ചെയ്യുന്ന കർഷകർ സമിതിയുമായി സഹകരിക്കില്ലെന്ന് നിലപാട് തുടരുന്നതിനാൽ സമര സമിതിയിൽ ഇല്ലാത്ത കർഷക സംഘടനകളെയും നിയമങ്ങളെ അനൂകൂലിക്കുന്ന സംഘടനകളെയും കാണാനാണ് തീരുമാനം. സംയുക്ത സമര സമിതി നേതാക്കളുമായി ചർച്ചക്ക് ശ്രമിക്കുമെന്നും സമിതി അംഗം അനിൽ ഗൻനാവത്ത്പറഞ്ഞു.
കർഷക പ്രക്ഷോഭം 55ാം ദിവസത്തിൽ എത്തിട്ടും പരിഹാരം ഏറെ അകലെയാണെന്നത് യാഥാർത്ഥ്യമാണ്. നാളെയാണ് കർഷകരും സർക്കാരും തമ്മിൽ പത്താം വട്ട ചർച്ച നിശ്ചയിച്ചിരിക്കുന്നത്. റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിയിൽ കാർഷിക സംസ്കാരത്തിന്റെ കഥ പറയുന്ന നിശ്ചല ദൃശ്യങ്ങൾ ഉൾപ്പെടുത്തുമെന്ന് കർഷകർ അറിയിച്ചു. ട്രാക്ടറുകളിൽ ദേശീയ പതാക നാട്ടിക്കൊണ്ട് ദില്ലിയിലെ ഔട്ടർ റിംഗ് റോഡിൽ പരേഡ് നടത്താനാണ് തീരുമാനം.
റിപ്പബ്ലിക് ദിനത്തിലെ ഈ ട്രാക്ടർ പരേഡിൽ നിന്ന് പിന്മാറണമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാക്കരുതെന്നും ആവശ്യപ്പെട്ട് ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ കർഷക നേതാക്കളെ കണ്ടു. സമാധാനമായി റാലി നടത്താൻ ഏതൊരു പൗരനും ഭരണഘടനാവകാശമുണ്ടെന്ന് നേതാക്കൾ പറഞ്ഞു. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സർക്കാരുമായുള്ള ചർച്ച. ട്രാക്ടർ റാലിക്കെതിരായ ഹർജിയും നാളെ സുപ്രീം കോടതി ഹർജി പരിഗണിച്ചതിന് പിന്നാലെയാകും ചർച്ച.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam