ആർക്കൊക്കെ കൊവാക്സീൻ സ്വീകരിക്കാം? വിവാദങ്ങൾക്കിടെ കമ്പനിയുടെ പ്രസ്താവന

By Web TeamFirst Published Jan 19, 2021, 11:29 AM IST
Highlights

നേരത്തേ പ്രതിരോധശേഷി കുറഞ്ഞവർക്കും ഭാരത് ബയോടെക്കിന്‍റെ വാക്സീൻ എടുക്കാം, എന്നാൽ ഫലപ്രാപ്തി കുറവായിരിക്കുമെന്നായിരുന്നു കേന്ദ്രസർക്കാരും കമ്പനിയും പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ മറ്റ് രോഗങ്ങളുള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും വാക്സീൻ എടുക്കരുതെന്നാണ് ഭാരത് ബയോടെക് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നത്.

ദില്ലി: പാർശ്വഫലങ്ങൾ വരുന്നുവെന്ന വിവാദങ്ങൾക്കിടെ, ഗുരുതരമായ രോഗങ്ങളുള്ളവരും രോഗപ്രതിരോധശേഷി തീരെക്കുറഞ്ഞവരും കൊവാക്സീൻ സ്വീകരിക്കരുതെന്ന് വാക്സീൻ നിർമാണക്കമ്പനിയായ ഭാരത് ബയോടെക്. നേരത്തേ പ്രതിരോധശേഷി കുറഞ്ഞവർക്കും ഭാരത് ബയോടെക്കിന്‍റെ വാക്സീൻ എടുക്കാം, എന്നാൽ ഫലപ്രാപ്തി കുറവായിരിക്കുമെന്നായിരുന്നു കേന്ദ്രസർക്കാരും കമ്പനിയും പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ആർക്കൊക്കെ വാക്സീൻ സ്വീകരിക്കാം, എങ്ങനെ സ്വീകരിക്കാം എന്നതിൽ കൃത്യമായ മാർഗനിർദേശങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. 

എന്തൊക്കെയാണ് കമ്പനി പുറത്തുവിട്ടിരിക്കുന്ന മാർഗനിർദേശങ്ങൾ?

അലർജികൾ, പനി, രക്തസ്രാവം പോലുള്ള അസുഖങ്ങളുള്ളവർ, കീമോതെറാപ്പി പോലുള്ള ചികിത്സ സ്വീകരിക്കുന്നവർ എല്ലാം ഡോക്ടർമാരുമായി ചർച്ച ചെയ്ത ശേഷമേ കൊവാക്സീൻ സ്വീകരിക്കാവൂ എന്നാണ് കമ്പനി നിർദേശിച്ചിരിക്കുന്നത്. കമ്പനി പുറത്തിറക്കിയിരിക്കുന്ന ഫാക്ട് ഷീറ്റ് ഇവിടെ.

ഏതെങ്കിലും തരത്തിൽ രോഗപ്രതിരോധശേഷി കുറഞ്ഞവർ, അതല്ലെങ്കിൽ, പ്രതിരോധശേഷിയെ ബാധിക്കുന്ന തരത്തിൽ ചികിത്സ സ്വീകരിക്കുന്നവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ കൊവാക്സീൻ സ്വീകരിക്കരുത്.

മറ്റേതെങ്കിലും വാക്സീൻ സ്വീകരിച്ചവർ കൊവാക്സീൻ സ്വീകരിക്കരുത്.

ഇതുവരെ 3, 81, 305 പേരാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചതെന്നാണ് സർക്കാർ കണക്കുകൾ. ഇതിൽ ചിലർക്ക് അലർജി അടക്കമുള്ള പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒന്നും ഗുരുതരപാർശ്വഫലങ്ങളല്ല. രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്, വാക്സീൻ മൂലമാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ലഭ്യമല്ല. 

വിശദവിവരങ്ങളുമായി ദില്ലിയിൽ നിന്ന് പ്രശാന്ത് രഘുവംശം:

 

click me!