
ദില്ലി: കേന്ദ്രസർക്കാരിൻ്റെ കാർഷികനിയമങ്ങൾ പഠിച്ച് നിർദ്ദേശം നൽകാൻ സുപ്രീംകോടതി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതി ഇന്ന് രാവിലെ 11 മണിക്ക് യോഗം ചേരും. സമിതിയുടെ ആദ്യ യോഗമാണിത്. നാല് അംഗ സമിതിയിൽ നിന്ന് ഭുപേന്ദ്ര സിംഗ് മാൻ രാജി വച്ചിരുന്നു. ഭാരതീയ കിസാൻ യൂണിയൻ പ്രസിഡൻ്റായ ഭുപീന്ദർ സിംഗ് മാൻ നേരത്തേ നിയമഭേദഗതിയെ അനുകൂലിച്ച് നിലപാടെടുത്തയാളാണ്. ഭൂപിന്ദർ സിംഗിന് പുറമേ മഹാരാഷ്ട്രയിലെ കർഷക നേതാവ് അനിൽ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി എന്നിവരടങ്ങുന്നതാണ് സുപ്രീംകോടതി രൂപീകരിച്ച സമിതി.
നാലംഗ സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. സമിതിയുടെ ആദ്യ യോഗം പത്ത് ദിവസത്തിൽ ചേരണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് സമിതിയിലെ ഒരംഗം പിൻമാറിയത്. പ്രവര്‍ത്തനം തുടങ്ങും മുമ്പ് തന്നെ സമിതിയിലെ ഒരംഗം പിന്‍മാറിയത് കര്‍ഷക സമരം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയായിരുന്നു. കർഷകരുടെയും പൊതുസമൂഹത്തിന്റെയും വികാരം കണക്കിലെടുത്താണ് പിൻമാറാൻ തീരുമാനിച്ചതെന്ന് ഭുപീന്ദർ സിംഗ് മാൻ അറിയിച്ചു. പഞ്ചാബിന്‍റെയും രാജ്യത്തെ കര്‍ഷകരുടെയും താല്‍പ്പര്യം ഹനിക്കപ്പെടാതിരിക്കാൻ ഏത് സ്ഥാനവും വേണ്ടെന്ന് വെക്കാന്‍ തയ്യാറാണെന്നും സമിതിയില്‍ നിന്ന് പിൻമാറിയ ഭുപീന്ദര്‍ സിംഗ് പറഞ്ഞു.
അതേസമയം, കർഷകരും കേന്ദ്രസർക്കാരും തമ്മിലുള്ള 10-ാം വട്ട ചർച്ച നാളത്തേക്ക് മാറ്റി. ഇന്ന് 12 മണിക്ക് വിജ്ഞാൻ ഭവനിലായിരുന്നു ചർച്ച നിശ്ചയിച്ചിരുന്നത്. നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്നും ഭേദഗതികൾ ചർച്ച ചെയ്യണമെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. എന്നാൽ നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകൾ. റിപ്പബ്ലിക് ദിനത്തിൽ ഡൽഹി അതിർത്തികളിൽ റാലി നടത്തുന്നതടക്കം സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് കർഷക സംഘടന നേതാക്കളുടെ തീരുമാനം. ഈ സാഹചര്യത്തിൽ നാളത്തെ ചർച്ചയിലും സമവായത്തിലെത്തനുള്ള സാധ്യത കുറവാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam