
ദില്ലി: ദില്ലിയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ ജുഡീഷ്യല്‍ കോണ്‍ഫറന്‍സിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയിലിരുത്തി പ്രശംസിച്ച സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്കെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി. സുപ്രീംകോടതിയിലെ ജഡ്‍ജിമാര്‍ പാലിക്കേണ്ട നിഷ്പക്ഷതയുടെ ലംഘനമാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടേതെന്ന് ബാര്‍ അസോസിയേഷന്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
നിതീന്യായവ്യവസ്ഥ പാലിക്കേണ്ടുന്ന നിഷ്പക്ഷതയ്ക്ക് എതിരാണ് ജസ്റ്റിസ് മിശ്രയുടെ പരാമര്‍ശങ്ങള്‍. സ്വതന്ത്രവും നിഷ്‍പക്ഷവുമായ ജുഡീഷ്യറിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനം. ആ സ്വാതന്ത്ര്യവും നിഷ്പക്ഷതയും തികഞ്ഞ അന്തസോടെ ഉയര്‍ത്തി പിടിക്കേണ്ട ബാധ്യത സുപ്രീംകോടതി ജഡ്‍ജിമാര്‍ക്കുണ്ടാവേണ്ടതുണ്ട്. ഭരണകൂടത്തോട് പരിധി വിട്ട സൗഹൃദമോ വിധേയത്വമോ പാലിക്കേണ്ട ബാധ്യത സുപ്രീംകോടതിക്കില്ല. ജസ്റ്റിസ് മിശ്രയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ബാര്‍ അസോസിയേഷന്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, ചീഫ് ജസ്റ്റിസ് എസ്എ ബോബ്‍ഡെ എന്നിവര്‍ക്കൊപ്പമാണ് ദില്ലിയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ ജഡ്‍ജസ് കോണ്‍ഫറന്‍സില്‍ ജസ്റ്റിസ് ദീപക് മിശ്ര വേദി പങ്കിട്ടത്. ചടങ്ങില്‍ നന്ദി പ്രസംഗം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു കൊണ്ട് മിശ്ര സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ബഹുമുഖ പ്രതിഭയാണെന്നും എല്ലാ കാര്യങ്ങളും ആഗോള കാഴ്‍ചപ്പാടിലൂടെ ചെയ്യുന്നത് അദ്ദേഹത്തിന്‍റെ സവിശേഷതയാണെന്നുമാണ് ദീപക് മിശ്ര പറഞ്ഞത്.
സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍റെ സെക്രട്ടറി അശോക് അറോറ പ്രമേയത്തില്‍ ഒപ്പിട്ടിട്ടില്ല. എക്സിക്യൂട്ടീവ് മെംബര്‍മാരായ അഡ്വ. പ്രേരണ കുമാരി, അല്‍ക്ക അഗര്‍വാള്‍ എന്നിവര്‍ പ്രമേയം പാസാക്കുന്നതിനെ എതിര്‍ക്കുകയും ചെയ്തു. ഇന്നലെ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും മിശ്രയുടെ നടപടിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു കളയാനുള്ള നിര്‍ണായക വിധിന്യായം പുറപ്പെടുവിച്ചത് ജസ്റ്റിസ് അരുണ്‍ മിശ്രയയായിരുന്നു. യുവ അഭിഭാഷകരോട് മോശമായി പെരുമാറി എന്ന പേരില്‍ നേരത്തെ കപില്‍ സിബല്‍ അടക്കമുള്ള മുതിര്‍ന്ന അഭിഭാഷകര്‍ മിശ്രയുടെ ബെഞ്ചില്‍ പ്രതിഷേധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam