
ദില്ലി: സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹർജിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. നിയമങ്ങളിൽ കലോചിതമായ മാറ്റം ആനിവാര്യമെന്ന് കോടതി നിരീക്ഷിച്ചു. സ്ഥലം, കാലം എന്നിവയനുസരിച്ച് നിയമങ്ങളിൽ മാറ്റം വരാമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
സ്വവർഗ്ഗ വിവാഹം സംബന്ധിച്ച ഹർജികളിൽ കേന്ദ്രത്തിന്‍റെ എതിർവാദം തുടങ്ങി. നിയമങ്ങളെ എവിടെ നിന്നെങ്കിലും പറിച്ചുനടാൻ കഴിയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. രാജ്യത്തിൻ്റെ സാമൂഹികാവസ്ഥ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇത്തരം കാര്യങ്ങളിൽ സാമൂഹിക സ്വീകാര്യത പരമപ്രധാനമാണെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു.
ഇന്നലത്തെ വാദത്തിനിടെ വിവാഹം, വിവാഹമോചനം എന്നിവയിൽ നിയമം നിർമിക്കാനുള്ള അവകാശം പാർലമെന്റിനാണെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. കോടതികൾക്ക് ഇക്കാര്യത്തിൽ ഏതറ്റം വരെ പോകാനാകുമെന്നതി ഹർജിക്കാരിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അതേസമയം സ്വവർഗവിവാഹത്തിന് അനുമതി നൽകാതെയിരുന്നാൽ രാജ്യത്ത് അത് സ്വവർഗ ആഭിമുഖ്യമുള്ള എതിർലിംഗക്കാർ തമ്മിലുള്ള വിവാഹത്തിന് വഴിവെക്കുമെന്നും ഇത് സമൂഹത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ സൌരഭ് കൃപാൽ വാദിച്ചു. ദില്ലി ഹൈക്കോടതി ജഡ്ജിയായി കൊളീജിയം ശുപാർശ ചെയ്ത അഭിഭാഷകനാണ് സൗരഭ് കൃപാൽ. സ്വവർഗാനുരാഗിയെന്ന കാരണത്താൽ ഇദ്ദേഹത്തിന്റെ നിയമന ശുപാർശ സർക്കാർ അംഗീകരിച്ചിട്ടില്ലെന്നിരിക്കെയാണ് കേസിൽ അദ്ദേഹം ഹാജരായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam