'പിന്‍വാതില്‍ നിയമനം സര്‍ക്കാര്‍ മേഖലയിലെ ശാപം'; എല്‍ഐസിയിലെ പാര്‍ട്ട്ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്തില്ല

By Web TeamFirst Published Apr 28, 2022, 11:09 AM IST
Highlights

എല്‍ഐസിയിലെ പാർട്ട്ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ഹർജി പരിഗണിച്ചപ്പോളാണ് കോടതി  നിരീക്ഷണം.

ദില്ലി: സർക്കാർ സർവീസുകളിലെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി (Supreme Court). സർക്കാർ മേഖലയിലെ ശാപമാണ് പിൻവാതിൽ നിയമനം. വ്യവസ്ഥകള്‍ പാലിച്ച്  സുതാര്യമായാണ് നിയമന നടപടികള്‍ നടക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. നാലരപതിറ്റാണ്ട് നീണ്ട നിയമനതർക്കവുമായി ബന്ധപ്പെട്ട ഹർജികൾ തള്ളിയാണ് കോടതിയുടെ സുപ്രധാന നീരീക്ഷണം. 1985 നും 1991 നും ഇടയിൽ  പതിനൊന്നായിരത്തോളം പേരെ എല്‍ഐസിയില്‍ പാര്‍ട്ട്ടൈം  വ്യവസ്ഥയിൽ നിയമിച്ചിരുന്നു. ഇവരെ സ്ഥിരപ്പെടുത്തണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പിൻവാതിൽ നിയമനത്തിനെതിരെ ആഞ്ഞടിച്ചത്. സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ ശാപമാണ്. 

ഭരണഘടനാപരമായ വ്യവസ്ഥകള്‍ പാലിച്ചാകണം സര്‍ക്കാര്‍ നിയമന നടപടികള്‍ നടത്തേണ്ടത്. നിയമപ്രകാരം  രൂപീകൃതമായ സ്ഥാപനമാണ് എൽഐസി. അതിനാൽ ഭരണഘടനയുടെ 14,16 അനുച്ഛേദങ്ങള്‍ പാലിച്ചുകൊണ്ടുള്ള നിയമനം മാത്രമേ നടത്താന്‍ കഴിയുകയുള്ളു. നിയമനചട്ടങ്ങൾ പാലിക്കാതെ ഇത്രയും പേരെ സ്ഥിരപ്പെടുത്താന്‍ കോടതി നിർദ്ദേശിക്കുന്നത് പിൻവാതിൽ നിയമനത്തിന് തുല്ല്യമാകുമെന്നും ജഡ്ഡിമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഹർജികൾ കോടതി തള്ളി. എന്നാൽ അര്‍ഹതപ്പെട്ട ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. മൂന്ന് മാസത്തിനുള്ളിൽ ഇത് നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.  

LIC IPO : പോളിസി ഉടമകൾക്കും ജീവനക്കാർക്കും ഇളവ്; അറിയാം എൽഐസി പ്രഥമ ഓഹരി വില

പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പ്രാഥമിക  ഓഹരി വിൽപ്പനയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ച് സർക്കാർ. ഒരു ഓഹരിക്ക് 902 രൂപ മുതൽ 949 രൂപ വരെ വില വരും. എൽഐസി പോളിസി ഉടമകൾക്ക് 60 രൂപയുടെ കിഴിവും ജീവനക്കാർക്ക് 45 രൂപയുടെ രൂപയുടെ കിഴിവും ലഭിക്കും. സര്‍ക്കാരിൻെറ ഉടമസ്ഥതയിൽ ഉള്ള 22 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. ഇതിലൂടെ ഏകദേശം 21,000 കോടി രൂപ സമാഹരിക്കാമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. മെയ് നാല് മുതൽ ഒൻപത് വരെയുള്ള ദിവസങ്ങളിലായിരിക്കും പ്രാഥമിക ഓഹരി വിൽപ്പന നടക്കുക. 

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയുടെ ഐപിഒ (IPO) ഈ വർഷം മാർച്ച് മാസത്തിൽ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ പിന്നീട് റഷ്യ - യുക്രൈൻ യുദ്ധമുണ്ടായതോടെ വിപണിയിൽ വലിയ തോതിൽ ചാഞ്ചാട്ടമുണ്ടായി. ഇതോടെ ഓഹരി വിപണിയിൽ തിരിച്ചടിയുണ്ടായതാണ് ഐപിഒ വൈകാൻ കാരണം.

ചരിത്രത്തിലെ ഏറ്റവും ഹിറ്റ് ഐപിഒ ആയിരിക്കും എൽഐസിയുടേത് എന്നാണ് കരുതപ്പെടുന്നത്. അങ്ങിനെ വന്നാൽ റിലയൻസ്, ടിസിഎസ് പോലുള്ള കമ്പനികളുടെ അതേ വിപണി മൂല്യമാകും എൽഐസിക്ക്. ഇതുവരെ ഐപിഒ വഴി ഏറ്റവും കൂടുതൽ തുക സമാഹരിച്ചത് പേടിഎം ആണ്. 18300 കോടി രൂപയാണ് സമാഹരിച്ചത്. 2021 ലായിരുന്നു ഇത്. 2010 ൽ കോൾ ഇന്ത്യ 15500 കോടി രൂപ സമാഹരിച്ചിരുന്നു. 2008 ൽ റിലയൻസ് പവർ 11700 കോടി രൂപയാണ് സമാഹരിച്ചത്. 
 

click me!