ഉന്നാവ് പെൺകുട്ടിയെ ദില്ലിയിലെ എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്

By Web TeamFirst Published Aug 5, 2019, 1:02 PM IST
Highlights

പെണ്‍കുട്ടിക്ക് കൂടുതല്‍ വിദഗ്‍ധ ചികിത്സ ലഭ്യമാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. 

ദില്ലി: ഉന്നാവ് പെൺകുട്ടിയെ വിദഗ്‍ധ ചികിത്സക്കായി ദില്ലി എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്.  എന്നാൽ എന്ന് ലക്നൗവിലെ ആശുപത്രിയിൽ നിന്ന് പെണ്‍കുട്ടിയെ മാറ്റുമെന്ന കാര്യത്തിൽ തീരുമാനമായില്ല. കോടതി ഉത്തരവ് കിട്ടിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. 

അതേസമയം, പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. പെൺകുട്ടി കണ്ണു തുറന്നതായും നിർദ്ദേശങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ട്രോമ വിഭാഗം തലവൻ ഡോക്ടർ സന്ദീപ് തിവാരി പറഞ്ഞു.  അഭിഭാഷകൻ വെന്‍റിലേറ്ററിന്‍റെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെങ്കിലും കോമ അവസ്ഥയിലാണ്.

വ്യാഴാഴ്ച മുതലാണ് പെണ്‍കുട്ടിക്ക് പനി അനുഭവപ്പെട്ടത്. തുടര്‍പരിശോധനയിൽ ന്യുമോണിയ ബാധയുള്ളതായി കണ്ടെത്തുകയായിരുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയായിരുന്നു കടുത്ത പനി ഉണ്ടായത്. 

ഇതിനിടെ കേസിലെ മുഖ്യപ്രതിയായ എംഎൽഎ കുൽദീപ് സെൻഗാറിനെ സിബിഐ ഇന്നലെ രാത്രി ദില്ലിയിലെത്തിച്ചു. ഇന്ന് തീസ്ഹസാരി കോടതിയിൽ ഹാജരാക്കും. കുൽദീപ് സെൻഗാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് സിബിഐ നീക്കം. ഉന്നാവുമായി ബന്ധപ്പെട്ട കേസുകളെല്ലാം ദില്ലിയിലേക്ക് മാറ്റാൻ നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 

പെൺകുട്ടി സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചതുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ കുൽദീപ് സെംഗാറിന്‍റെ വീട്ടിലടക്കം വിവിധയിടങ്ങളിൽ ഞായറാഴ്ച സിബിഐ റെയ്‍‍ഡ് നടത്തിയിരുന്നു. പെൺകുട്ടിയുടെ കാറിൽ വന്നിടിച്ച ട്രക്കിന്‍റെ ഉടമയെയും സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ബിജെപി എംഎൽഎ കുൽദീപ് സെംഗാർ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ പെൺകുട്ടിയും അഭിഭാഷകനും രണ്ട് ബന്ധുക്കളും സഞ്ചരിച്ച കാർ ജൂലൈ 30-നാണ് അപകടത്തിൽ പെടുന്നത്. 
 

click me!