കശ്മീരിന് പ്രത്യേക പദവി എങ്ങനെ വന്നു? ആര്‍ട്ടിക്കിള്‍ 370, 35 എ; അറിയേണ്ടതെല്ലാം

By Web TeamFirst Published Aug 5, 2019, 12:36 PM IST
Highlights

പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം ഒഴികെ പാർലമെന്‍റ് പാസ്സാക്കുന്ന ഏതു നിയമവും ജമ്മു കശ്മീരിൽ പ്രാബല്യത്തിൽ വരണമെങ്കിൽ കശ്മീർ നിയമനിർമ്മാണസഭയുടെ അംഗീകാരം വേണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ആര്‍ട്ടിക്കിള്‍ 370. 

ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥയാണ് ആര്‍ട്ടിക്കിള്‍ 370. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ നിയമസഭയുടെ  അനുമതിയോടെ മാത്രമേ ജമ്മു കശ്മീരില്‍ നടപ്പിലാക്കാന്‍ ആവൂ എന്നാണ് ഭരണഘടനയുടെ 370ാം അനുഛേദം വ്യവസ്ഥ ചെയ്യുന്നത്. ഇതിന്‍പ്രകാരം ഇന്ത്യന്‍ ഭരണഘടന കൂടാതെ സംസ്ഥാനത്തിനും പ്രത്യേക ഭരണഘടന അനുവദനീയമാണ്.

Read Also: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി രാഷ്ട്രപതി, ഉത്തരവിറങ്ങി, വൻ പ്രതിഷേധം

പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം ഒഴികെ പാർലമെന്‍റ് പാസ്സാക്കുന്ന ഏതു നിയമവും ജമ്മു കശ്മീരിൽ പ്രാബല്യത്തിൽ വരണമെങ്കിൽ കശ്മീർ നിയമനിർമ്മാണസഭയുടെ അംഗീകാരം വേണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് 370ാം അനുഛേദം. ഭരണഘടനയുടെ ഒന്നാം വകുപ്പാണ് സംസ്ഥാനങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ ഭരണഘടനയുടെ 370(1)സി പ്രകാരം ഒന്നാം വകുപ്പിനോട് കശ്മീർ വിധേയപ്പെടുന്നത് 370ാം അനുഛേദത്തിലൂടെ മാത്രമാണ്. അതായത് 370ാം അനുഛേദം തന്നെയാണ് കശ്മീരിനെ ഇന്ത്യൻ യൂണിയനോട് ചേർത്തുനിർത്തുന്നത് എന്നര്‍ത്ഥം.

1949ല്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി സ്ഥാപകനും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ളയാണ് 370ാം അനുഛേദം കരട് തയ്യാറാക്കിയത്.

നാള്‍വഴി...

ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും കശ്മീര്‍ സ്വതന്ത്രരാജ്യമായിരുന്നു. കശ്മീര്‍ രാജാവായിരുന്ന രാജാ ഹരിസിംഗിന്‍റെ ആഗ്രഹപ്രകാരമുണ്ടാക്കിയ കരാര്‍ അനുസരിച്ചായിരുന്നു കശ്മീരിനെ സ്വതന്ത്രരാജ്യമായി നിലനിര്‍ത്തിയത്. എന്നാല്‍, 1947 ഒക്ടോബറില്‍  പാകിസ്ഥാൻ കലാപകാരികൾ സൈന്യത്തിന്‍റെ സഹായത്തോടെ കശ്മീർ ആക്രമിച്ചു. രാജാ ഹരിസിങ് ഇന്ത്യയോട് സൈനിക സഹായം അഭ്യർത്ഥിച്ചു. Instrument of Accession (IOA) ഒപ്പു വെക്കാതെ സൈനിക സഹായം പാടില്ലെന്ന് മൗണ്ട് ബാറ്റണ്‍ പ്രഭു നിലപാടെടുത്തു.

1947 ഒക്ടോബർ 26   ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള  Instrument of Accession (IOA) രാജാ ഹരി സിങും മൗണ്ട് ബാറ്റണും ഒപ്പുവച്ചു. ഇതനുസരിച്ച് പ്രതിരോധം, വാർത്താ വിനിമയം, വിദേശം എന്നീ മേഖലകളില്‍ മാത്രമാണ്  ഇന്ത്യയ്ക്ക് അധികാര കൈമാറ്റം. കശ്മീര്‍ ഒരു തർക്ക പ്രദേശമാണ്. അവിടുത്തെ ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്തിയശേഷം മാത്രമേ തീരുമാനം അന്തിമമാകുകയുള്ളു എന്നും കരാറില്‍ വ്യവ്സഥ ചെയ്തു.

1948 ജനുവരി 1  മൗണ്ട് ബാറ്റന്റെ നിർദ്ദേശപ്രകാരം  കശ്മീര്‍ പ്രശ്‌നം ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ചു.

1948 മാർച്ച്  ഷെയ്ഖ് അബ്ദുള്ള പ്രധാനമന്ത്രിയായി ഇടക്കാല സർക്കാരിനെ രാജാ ഹരിസിംഗ് നിയമിച്ചു

1948 ഏപ്രിൽ 21  ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും കശ്മീരിൽ നിന്ന് സേനകളെ പിൻവലിക്കണമെന്നും ഐക്യരാഷ്ട്രസഭ പ്രമേയം പാസ്സാക്കി.

1948 ആഗസ്ത് 13  ഇന്ത്യ പാക് തർക്ക പരിഹാരത്തിന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി പ്രമേയം പാസ്സാക്കി. പ്രമേയം ഇപ്രകാരമാണ്...

1. രണ്ട് രാജ്യങ്ങളും വെടി നിർത്തൽ പ്രഖ്യാപിക്കണം
2. പാകിസ്ഥാൻ കശ്മീരിൽ നിന്ന് സേനയെയും, പഠാൻ ഗോത്ര വർഗ്ഗക്കാരെയും പിൻവലിക്കണം. പാകിസ്ഥാന്‍റെ സേനാ പിൻമാറ്റത്തിനു ശേഷം നിയമ പരിപാലനത്തിന് അത്യാവശ്യമുള്ള സേനയെ നിർത്തിയിട്ട് ഇന്ത്യയും സേനാ പിൻമാറ്റം നടത്തണം. 
3. ജമ്മു കശ്മീരിന്റെ ഭാവി എന്തെന്ന് സ്വതന്ത്രമായി നടത്തുന്ന ജനഹിതപരിശോധനയിലൂടെ മാത്രം തീരുമാനിക്കും. ഇതിനു വേണ്ടി ഒരു Plebiscite Administratorനെ ഐക്യരാഷ്ട്രസഭ നാമനിര്ദ്ദേശം ചെയ്യും
എന്നാൽ, പാകിസ്ഥാൻ സേനയെ പിൻവലിച്ചില്ല, അതിനാൽ ഇന്ത്യയും. ഹിതപരിശോധന നടത്താൻ ഇന്ത്യയും യാതൊരു നീക്കവും നടത്തിയില്ല. 

1948 ഒക്ടോബർ 30  ഷെയ്ഖ് അബ്ദുള്ള പ്രധാനമന്ത്രിയായി അടിയന്തര സർക്കാർ രൂപീകരിച്ചു.

1949 ജനുവരി 1  വെടിനിർത്തൽ പ്രഖ്യാപിച്ചു. കാശ്മീരിന്റെ 60 ശതമാനവും ജമ്മുവും ലഡാക്കും ഇന്ത്യയുടെ അധീനതയിലായി. മുസാഫർബാദും സ്കർധും ജിൽജിത്തും പാകിസ്ഥാന്റെ അധീനതയിലായി. പാകിസ്ഥാന്റെ കൈവശം ഇരിക്കുന്ന കശ്മീർ പ്രദേശത്തെ ഇന്ത്യ, പാക് അധീന കശ്മീര്‍ (POK) എന്നും പാകിസ്ഥാൻ ആ പ്രദേശത്തെ ആസാദ് കശ്മീർ എന്നും പറഞ്ഞു പോരുന്നു.

1949 ജൂലൈ ഷെയ്ഖ് അബ്ദുള്ളയും മൂന്ന് സഹപ്രവർത്തകരും ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിൽ അംഗങ്ങളായി. കശ്മീരിന്‍റെ പ്രത്യേക പദവിക്കായി അവര്‍ വിലപേശി. ഇതിനെത്തുടർന്ന് 370ാം അനുഛേദം ഇന്ത്യൻ ഭരണഘടനയോട് ചേർത്തു. 370ാം അനുഛേദത്ന്‍തിറെ കരട് തയ്യാറാക്കിയത് ഷെയ്ഖ് അബ്ദുള്ളയായിരുന്നു. 370ാം അനുഛേദ പ്രകാരം പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം ഒഴികെ പാർലമെന്‍റ് പാസ്സാക്കുന്ന ഏതു നിയമവും ജമ്മു കശ്മീരിൽ പ്രാബല്യത്തിൽ വരണമെങ്കിൽ കശ്മീർ നിയമനിർമ്മാണസഭയുടെ അംഗീകാരം വേണം.
1954   ജമ്മു കശ്മീരിനെ ഇന്ത്യൻ യൂണിയനോട് ചേർത്തത് സംസ്ഥാനത്തിന്റെ ഭരണഘടന നിർമ്മാണ സഭ ഔദ്യോഗികമായി അംഗീകരിച്ചു. 

35 എ വകുപ്പ് 

1954ല്‍ തന്നെയാണ് ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക പരിഗണന നല്‍കുന്ന 35 എ വകുപ്പ് ഭരണഘടനയോട് ചേര്‍ത്തത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള ജോലികൾ സ്ഥിരതാമസക്കാർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. കശ്മീരിലെ സ്വത്തവകാശവും  സ്ഥിരതാമസക്കാർക്ക് മാത്രമുള്ളതാണ്. സംസ്ഥാന സർക്കാരിന്‍റെ ആനുകൂല്യങ്ങളും സ്ഥിരതാമസക്കാർക്ക് മാത്രമാണ് ലഭിക്കുക. 

ഇതുപ്രകാരം അന്യസംസ്ഥാനക്കാർക്ക് കശ്മീരില്‍ ഭൂമി വാങ്ങാനോ, സംസ്ഥാന സർക്കാരിനു കീഴിൽ ജോലി നേടാനോ, പഠനത്തിന് സ്കോളർഷിപ്പ് നേടാനോ അവകാശമില്ല. ഭരണഘടനയുടെ 35എ വകുപ്പ് എടുത്തു കളഞ്ഞാലേ കശ്മീരിൽ ഐടി, ഹോട്ടൽ വ്യവസായത്തില്‍ വൻ നിക്ഷേപങ്ങൾ കൊണ്ടുവരാൻ കഴിയുകയുള്ളൂ എന്ന് ഒന്നാം മോദി സർക്കാരിന്‍റെ അവസാന കാലയളവിൽ മന്ത്രി നിതിൻ ഗഡ്കരി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അങ്ങനെ മാത്രമേ കശ്മീരിലെ തൊഴിലില്ലായ്മ പരിഹരിച്ച് യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു.

click me!