കോഹിനൂര്‍ രത്നം ബ്രിട്ടനോട് തിരിച്ചുചോദിക്കാനാവില്ല; കാരണം വ്യക്തമാക്കി സുപ്രീംകോടതി

By Web TeamFirst Published Apr 28, 2019, 7:06 PM IST
Highlights

സുപ്രീംകോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ല കോഹിനൂര്‍ രത്നത്തിന്‍റെ കൈമാറ്റമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നീതിന്യായ വകുപ്പിനെയല്ല അന്താരാഷ്ട്രനയതന്ത്രത്തെയാണ് ഇതിനാശ്രയിക്കേണ്ടതെന്നാണ് കോടതി പറഞ്ഞത്. 

ദില്ലി: കോഹിനൂര്‍ രത്നം ബ്രിട്ടനില്‍ നിന്ന് തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് പുറപ്പെടുവിച്ച വിധി പുനപ്പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി. രത്നം തിരികെയെത്തിക്കണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിറക്കാനാകില്ലെന്നായിരുന്നു കോടതി നേരത്തെ വ്യക്തമാക്കിയത്. 

ഉത്തരവിറക്കാനാകില്ലെന്ന് പറഞ്ഞുള്ള വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ക്യൂറേറ്റീവ് ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ക്യൂറേറ്റീവ് ഹര്‍ജിയും അനുബന്ധ രേഖകളും പരിശോധിച്ചെന്നും മുമ്പ് പുറപ്പെടുവിച്ച വിധി പുനപ്പരിശോധിക്കാനുള്ള സാഹചര്യമുണ്ടെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ല കോഹിനൂര്‍ രത്നത്തിന്‍റെ കൈമാറ്റമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നീതിന്യായ വകുപ്പിനെയല്ല അന്താരാഷ്ട്രനയതന്ത്രത്തെയാണ് ഇതിനാശ്രയിക്കേണ്ടതെന്നാണ് കോടതി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത് പ്രശ്നം രമ്യമായി പരിഹരിക്കാന്‍ വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ് എന്നാണ്. 

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രത്യേക കരാര്‍ ഉണ്ടാക്കണമെന്നതാണ് ഒരു പോംവഴിയായി സര്‍ക്കാര്‍ പറഞ്ഞത്. പക്ഷേ, ഒരു രാജ്യത്ത് നിന്ന് വിലപ്പെട്ട വസ്തുക്കള്‍ മറ്റൊരിടത്തേക്ക് കടത്തിക്കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് 1972ലെ ആന്‍റിക്വിറ്റീസ് ആന്‍റ് ട്രെഷേഴ്സ് ആക്ട് ഇക്കാര്യത്തില്‍ സഹായകമാകില്ല. നിയമം നിലവില്‍ വരുന്നതിനും കാലങ്ങള്‍ക്ക് മുമ്പ് 1849ലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കോഹിനൂര്‍ രത്നം കൊണ്ടുപോയത് എന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

click me!