കേസ് മാറ്റിവെയ്ക്കണമെന്ന് ജൂനിയര്‍ അഭിഭാഷകന്‍, പറ്റില്ല വാദിക്കൂ എന്ന് സുപ്രീംകോടതി; ശേഷം സംഭവിച്ചത്!

Published : Sep 15, 2023, 10:09 AM IST
കേസ് മാറ്റിവെയ്ക്കണമെന്ന് ജൂനിയര്‍ അഭിഭാഷകന്‍, പറ്റില്ല വാദിക്കൂ എന്ന് സുപ്രീംകോടതി; ശേഷം സംഭവിച്ചത്!

Synopsis

കേസിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വാദിക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്നും ജൂനിയർ അഭിഭാഷകൻ സുപ്രീംകോടതിയില്‍

ദില്ലി: കേസ് മാറ്റിവെയ്ക്കണമെന്ന് പറയാന്‍ മാത്രമായി ജൂനിയറിനെ കോടതിയിലേക്ക് വിട്ട അഭിഭാഷകന് 2000 രൂപ പിഴ ചുമത്തി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അഭിഭാഷകനെതിരെ നടപടിയെടുത്തത്. 

അഭിഭാഷകന് എത്താന്‍ കഴിയാത്തതിനാല്‍ കേസ് മാറ്റിവെയ്ക്കണമെന്ന് ജൂനിയര്‍ സുപ്രീംകോടതിയിലെത്തി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരാണ് വാദം കേള്‍ക്കാനുണ്ടായിരുന്നത്. എന്നാല്‍ ബെഞ്ച് ഈ ആവശ്യം അംഗീകരിച്ചില്ല. നിങ്ങൾക്ക് ഇതുപോലെ നിസ്സാരമായി കാണാനാകില്ലെന്ന് പ്രതികരിച്ച മൂന്നംഗ ബെഞ്ച്, ജൂനിയറിനോട് വാദിക്കാന്‍ ആവശ്യപ്പെട്ടു.

കേസിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വാദിക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്നും ജൂനിയർ അഭിഭാഷകൻ ബെഞ്ചിനോട് പറഞ്ഞു. തുടര്‍ന്ന് ബെഞ്ചിന്‍റെ പ്രതികരണം ഇങ്ങനെ- "കേസ് കേൾക്കാൻ ഭരണഘടന ഞങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ഒരു ബ്രീഫിംഗ് പോലും എടുക്കാതെ നിങ്ങൾക്ക് സുപ്രീംകോടതിയിൽ വരാൻ കഴിയില്ല. അഭിഭാഷകനെ വിളിക്കൂ. ഞങ്ങളുടെ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെടുക". 

തുടര്‍ന്ന് വീഡിയോ കോൺഫറൻസിലൂടെ ഹാജരായ അഭിഭാഷകൻ കോടതിയിൽ മാപ്പ് പറഞ്ഞു. പേപ്പറും കേസിനെ കുറിച്ച് അറിവും ഇല്ലാതെ എന്തിനാണ് ജൂനിയറെ കോടതിയിലേക്ക് അയച്ചതെന്ന് ബെഞ്ച് ചോദിച്ചു- 

"രേഖകളൊന്നുമില്ലാതെ, കേസിനെ കുറിച്ച് അറിയാത്ത ജൂനിയറിനെ അയച്ചു. കേസ് ഞങ്ങൾ മാറ്റിവയ്ക്കാൻ വിസമ്മതിച്ചപ്പോൾ, അഭിഭാഷകൻ ഹാജരായി. ഈ രീതിയിൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയില്ല. ഇത് കോടതിക്കും ഒരു പേപ്പറുമില്ലാതെ ഹാജരാകുന്ന ജൂനിയറിന്‍റെ കരിയറിനും ഒരുപോലെ ദ്രോഹമാണ് ചെയ്യുന്നത്. ഇങ്ങനെയാണോ നിങ്ങള്‍ ജൂനിയര്‍ അഭിഭാഷകരെ പരിശീലിപ്പിക്കുന്നത്? ".

അഭിഭാഷകന്‍ ബാര്‍ അസോസിയേഷനില്‍ 2000 രൂപ അടയ്ക്കണം. അതിന്‍റെ രസീത് ഹാജരാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. 

PREV
Read more Articles on
click me!

Recommended Stories

പൂരിപ്പിച്ച എസ്ഐആര്‍ ഫോം വാങ്ങാനെത്തിയ ബിഎല്‍ഒയെ ഗൃഹനാഥൻ മര്‍ദ്ദിച്ചെന്ന് പരാതി; സംഭവം കൊല്ലത്ത്
ലോക്സഭയില്‍ രാഹുല്‍-അമിത് ഷാ വാക്പോര്; അമിത് ഷായെ സഭയില്‍ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി, കുപിതനായി അമിത് ഷാ