
ദില്ലി: ഗ്യാൻവാപി മസ്ജിദ് സർവ്വേയിൽ ഇടപെട്ട് സുപ്രീംകോടതി. സർവേ കമ്മീഷണർ അജയ് മിശ്രയെ മാറ്റിക്കൊണ്ട് കോടതി ഉത്തരവിട്ടു. സർവേ വിവരങ്ങൾ ചോർന്നതിലാണ് നടപടി. സർവേ റിപ്പോർട്ട് സമർപ്പിക്കാൻ 2 ദിവസം കൂടി കോടതി അനുമതി നൽകിയിട്ടുണ്ട്.
സർവേ നിർത്തി വയ്ക്കാൻ നിർദേശിക്കണമെന്ന് മസ്ജിദ് കമ്മിറ്റി കോടതിയിൽ ആവശ്യപ്പെട്ടു. ഗ്യാൻവാപി ആരാധനാലയമാണ്. ശിവലിംഗം കണ്ടുവെന്ന വാദം അംഗീകരിക്കാനാകില്ല. മുന്നറിയിപ്പില്ലാതെ മസ്ജിദ് പരിസരം സീൽ ചെയ്തത് തെറ്റായ നടപടിയാണ്. വരാണസി കോടതിയുടെ നടപടി തിടുക്കത്തിലായി. പറയാനുളളത് കേൾക്കാനുള്ള സാവകാശം കോടതി കാട്ടിയില്ലെന്നും മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയിൽ പറഞ്ഞു. കാര്യങ്ങൾ കീഴ്ക്കോടതി തീരുമാനിക്കട്ടെയെന്ന് സുപ്രീം കോടതി മറുപടി നൽകി.
ശിവലിംഗം എവിടെയെന്ന് കോടതി ചോദിച്ചു. ജില്ല മജിസ്ട്രേറ്റ് പോലും ഇത് കണ്ടിട്ടില്ല. സീൽ ചെയ്ത സ്ഥലം സംരക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജില്ലാ മജിസ്ട്രേറ്റിനാണ് സംരക്ഷണ ചുമതല. സുരക്ഷയുടെ പേരിൽ മുസ്ലീങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടരുതെന്നും കോടതി പറഞ്ഞു.
Read Also: ഗ്യാൻവാപി മസ്ജിദിന്‍റെ ഉള്ളിലെ ദൃശ്യങ്ങള്‍ വൈറലാകുന്നു
ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, പിഎസ് നരസിംഹ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ കക്ഷി ചേരാൻ ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയും ഹർജി നല്കിയിട്ടുണ്ട്.
ആരാധനാലയങ്ങളെ സംബന്ധിച്ച 1991ലെ നിയമത്തിൻറെ ലംഘനമാണ് സർവ്വെയ്ക്കുള്ള ഉത്തരവെന്നാണ് മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്. ഗ്യാൻവാപി മസ്ജിദിൽ ഇന്നലെ ശിവലിംഗം കണ്ടെത്തി എന്ന് ചില അഭിഭാഷകർ അറിയിച്ചതിനെ തുടർന്ന് ഈ പ്രദേശം സീൽ ചെയ്യാനും സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്താനും കോടതി ഉത്തരവ് നല്കിയിരുന്നു. എന്നാൽ ജലസംഭരണിയിലെ വാട്ടർ ഫൗണ്ടനാണിതെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വിശദീകരണം.
Read Also: 'ഗ്യാൻവാപി മസ്ജിദ് തർക്കം ബാബറി മസ്ജിദിനെ ഓർമ്മിപ്പിക്കുന്നു': എം എ ബേബി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam