മറാത്ത സംവരണം റദ്ദാക്കി സുപ്രീം കോടതി; ഇന്ദിരാസാഹ്നി വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് ഭരണഘടനാ ബെഞ്ച്

By Web TeamFirst Published May 5, 2021, 11:18 AM IST
Highlights

ആകെ സംവരണം 50 ശതമാനത്തിന് താഴെയാകണമെന്നും സ്ഥാനകയറ്റത്തിന് സംവരണം ബാകമല്ലെന്നുമായിരുന്നു ഇന്ദിര സാഹ്നി കേസിലെ വിധി. 

ദില്ലി: സംവരണം അമ്പത് ശതമാനത്തിൽ കൂടാൻ പാടില്ലെന്ന വിധിയിലുറച്ച് സുപ്രീംകോടതി. 1992 ലെ ഇന്ദിര സാഹ്നി കേസ് പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി ഭരണഘടന ബഞ്ച് വ്യക്തമാക്കി. പരിധി വിട്ട് മഹാരാഷ്ട്ര സർക്കാർ നൽകിയ മറാത്ത സംവരണം സുപ്രീംകോടതി റദ്ദാക്കി.

1992 ലാണ് ആകെ സംവരണം അമ്പത് ശതമാനത്തിന് മുകളിൽ ഉയരുന്നത് അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ പാടുള്ളു എന്ന് സുപ്രീംകോടതി വിധിച്ചത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന് ശേഷമുള്ള ഇന്ദിര സാഹ്നി കേസിലായിരുന്ന് 9 അംഗ ഭരണഘടന ബഞ്ചിൻ്റെ ഈ നിർദ്ദേശം. രണ്ടായിരത്തി പതിനെട്ടിൽ 16 ശതമാനം മറാത്ത സംവരണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ ഈ പരിധി ലംഘിച്ചു. ബോംബെ ഹൈക്കോടതി മറാത്ത സംവരണം ശരിവച്ചതിനെതിരായ ഹർജിയാണ് സുപ്രീംകോടി പരിഗണിച്ചത്. ഇന്ദിര സാഹ്നി കേസിലെ 50 ശതമാനം പരിധി പുനഃപരിശോധിക്കണം എന്ന മഹാരാഷ്ട്ര സർക്കാരിൻ്റെ നിലപാടിൽ എല്ലാ സംസ്ഥാനങ്ങളുടെയും വാദം കോടതി കേട്ടു. 

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രവും ഈ നിലപാടിനെ അനുകൂലിച്ചു. എന്നാൽ, ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ഭരണഘടന ബഞ്ച് പരിധി പുനർനിർണ്ണയിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് എത്തിയത്. ഇന്ദിര സാഹ്നി വിധി ഭരണഘടന തത്വങ്ങൾക്ക് അനുസൃതമാണ്. 50 ശതമാനം എന്ന പരിധി ലംഘിച്ച് മറാത്ത സംവരണം നൽകാനുള്ള അസാധാരണ സാഹചര്യം ബോധ്യപ്പെടുത്താൻ സർക്കാരിനായില്ല. ഈ സാഹചര്യത്തിൽ സംവരണ തീരുമാനം കോടതി റദ്ദാക്കി. കഴിഞ്ഞ സെപ്തംബർ 9 വരെ മെഡിക്കൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ വിധി ബാധിക്കില്ല, ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടന പദവി നൽകിയത് കോടതി ശരിവച്ചു. 

പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താൻ സംസ്ഥാന സർക്കാരുകൾക്ക് കഴിയുമെങ്കിലും ഇക്കാര്യത്തിൽ അന്തിമ അധികാരം രാഷ്ട്രപതിക്കായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വൻ പ്രക്ഷോഭത്തിനു ശേഷമാണ് മറാത്തകൾക്ക് സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം എടുത്തത്. ഭരണഘടനാപരമായ വെല്ലുവിളിക്കൊപ്പം രാഷ്ട്രീയ പ്രത്യാഘാതത്തിനും ഇടയാക്കുന്നതാണ് ഈ വിധി.

click me!