
ദില്ലി: നീണ്ട ഒമ്പത് വർഷത്തെ നിയമനടപടികൾക്കൊടുവിൽ കടൽക്കൊലക്കേസ് അവസാനിപ്പിക്കാൻ സുപ്രീം കോടതി തീരുമാനം. ഇറ്റാലിയൻ നാവികർക്കെതിരായ കേസ് നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കി.
നഷ്ടപരിഹാര തുകയായ 10 കോടി രൂപ കേരള ഹൈക്കോടതിക്ക് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം വിതരണം ചെയ്യാൻ ഒരു ജഡ്ജിയെ നിയോഗിക്കാനും സുപ്രീം കോടതി ഹൈക്കോടതിയോട് അഭ്യർത്ഥിച്ചു. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും ധനസഹായം നൽകും.
2012 ഫെബ്രുവരി 15നു വൈകുന്നേരം നാലര മണിക്കാണ് സെയ്ന്‍റ് ആന്‍റണി ബോട്ടിൽ മീൻ പിടിക്കാൻ പോയ ജെലസ്റ്റിൻ, അജീഷ് പിങ്ക് എന്നിവർ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിക്കുന്നത്. എൻറിക്ക ലെക്സി എന്ന എണ്ണ ടാങ്കർ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികൾക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവച്ചത്. അടുത്ത ദിവസം ( ഫെബ്രുവരി 16ന് ) കപ്പലിനെ ഇന്ത്യൻ നാവിക സേന കണ്ടെത്തി. ഫെബ്രുവരി 19നാണ് വെടിവച്ച സാൽവത്തോറെ ജെറോണിനെയും മാസിമിലാനോ ലത്തോറെയെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾവരെ ഈ കേസ് ഉണ്ടാക്കി. അന്താരാഷ്ട്ര കോടതിയിൽ വരെയും കേസ് എത്തി. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് രണ്ട് നാവികര്‍ക്ക് ജന്മനാട്ടിലേക്ക് പോകാൻ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഒരിക്കൽ കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ ആയുധമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടൽക്കൊല കേസെങ്കിൽ ഇപ്പോൾ നയന്ത്രസമ്മര്‍ദ്ദങ്ങൾക്കൊടുവിൽ മോദി സര്‍ക്കാരിന് കേസ് അവസാനിപ്പിക്കേണ്ടി വരുന്നു. നാവികര്‍ക്കെതിരായ നിയമനടപടികൾ ഇനി ഇറ്റലി സ്വീകരിക്കും എന്ന വ്യവസ്ഥയിൽ കൂടിയാണ് കേസ് അവസാനിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam