അറസ്റ്റ് അല്ല, കസ്റ്റഡി സമയം മുതൽ 24 മണിക്കൂർ; അറസ്റ്റിലായ ആളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കേണ്ട സമയപരിധിയിൽ സുപ്രീംകോടതി

Published : Nov 05, 2026, 04:49 PM IST
Supreme Court on Arrest and Custody

Synopsis

അറസ്റ്റ് നടപടികളിലെ 24 മണിക്കൂർ സമയപരിധയിൽ വ്യക്തവരുത്തി സുപ്രീംകോടതി. ജസ്റ്റിസുമാരായ ഉജ്ജ്വൽ ഭൂയാൻ, അതുൽ എസ് ചന്ദൂർകർ എന്നിവരടങ്ങിയ ബെഞ്ചാണ് 24 മണിക്കൂർ സമയപരിധിയിൽ നിർണായക വ്യക്തത വരുത്തിയത്.

ദില്ലി: അറസ്റ്റ് നടപടികളിലെ 24 മണിക്കൂർ സമയപരിധിയിൽ നിർണായക വ്യക്തത വരുത്തി സുപ്രീംകോടതി. ഒരാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ട 24 മണിക്കൂർ കണക്കാക്കേണ്ടത് ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതലല്ല, മറിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത സമയം മുതലാണെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തുന്നത് വൈകിപ്പിച്ച് ഭരണഘടന ഉറപ്പുനൽകുന്ന സമയപരിധി മറികടക്കാനാവില്ല. അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതൽ 24 മണിക്കൂർ കണക്കാക്കണമെന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതലല്ല, മറിച്ച് ഒരു വ്യക്തിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത (ഡിറ്റൻഷൻ) സമയം മുതൽ തന്നെ 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ത്രിപുരയിൽ എൻഡിപിഎസ് നിയമപ്രകാരം 2025 സെപ്റ്റംബർ 29ന് ഉച്ചയ്ക്ക് 2 മണിക്ക് കസ്റ്റഡിയിൽ എടുക്കുകയും എന്നാൽ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് മാത്രം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത നാല് പ്രതികളുടെ കേസ് പരിഗണിക്കവെയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

'അറസ്റ്റ്', 'കസ്റ്റഡിയിൽ എടുക്കൽ' എന്നിവയെ രണ്ടായി കാണാൻ കഴിയില്ലെന്നും ഭരണഘടനയുടെ 22(2) അനുച്ഛേദം അനുസരിച്ച് ഇവ രണ്ടും ഒന്നുതന്നെയാണെന്നും കോടതി വ്യക്തമാക്കി. താൽക്കാലികമായി ഒരാളുടെ മൗലികാവകാശങ്ങൾ റദ്ദാക്കാൻ പൊലീസിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കസ്റ്റഡിയിൽ എടുത്ത സ്ഥലം മുതൽ മജിസ്‌ട്രേറ്റ് കോടതിയിലേക്കുള്ള യാത്രാസമയം മാത്രമാണ് ഈ 24 മണിക്കൂറിൽ നിന്ന് ഒഴിവാക്കാൻ ഭരണഘടന അനുശാസിക്കുന്നത്. അന്വേഷണത്തിനോ ചോദ്യം ചെയ്യലിനോ എടുത്ത സമയം ഇതിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഒരാളെ കസ്റ്റഡിയിൽ എടുത്ത് 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയില്ലെങ്കിൽ, അയാളെ ഉടൻ തന്നെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കേണ്ടതാണെന്നും കോടതി പറഞ്ഞു.

പ്രതിയെ ഹാജരാക്കുമ്പോൾ പൊലീസ് യഥാർത്ഥത്തിൽ എപ്പോഴാണ് അയാളെ കസ്റ്റഡിയിൽ എടുത്തതെന്ന് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തണം. 24 മണിക്കൂർ മാനദണ്ഡം പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ലംഘനം നടന്നിട്ടുണ്ടെങ്കിൽ പ്രതിയെ ഉടൻ മോചിപ്പിക്കാൻ ഉത്തരവിടുകയും വേണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാർലമെന്റിൽ വന്ന് സംസാരിക്കൂ, നമുക്ക് നേർക്കുനേർ നിൽക്കാം'; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ
മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നു; കനത്ത പൊലീസ് വിന്യാസം തുടരുന്നു, കടകൾ തുറന്ന ആശ്വാസത്തിൽ വ്യാപാരികൾ