
ദില്ലി: ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം(എന്‍എസ്എ) ചുമത്താനുള്ള യുപി സര്‍ക്കാര്‍ നീക്കത്തിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. 'കുറ്റങ്ങളുടെ മെറിറ്റിലാണ് ക്രിമിനല്‍ കേസുകള്‍ തീരുമാനിക്കുക. മറ്റൊരു കേസില്‍ നിങ്ങള്‍ക്ക് കരുതല്‍ തടവ് ഉപയോഗിക്കാനാകില്ല'-സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു.
ഡോ. കഫീല്‍ ഖാനെ വിട്ടയക്കാനുള്ള അലഹബാദ് ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതിയുടെ തീരുമാനം ഉചിതമാണ്. അതില്‍ ഇടപെടാനുള്ള കാരണം ഇപ്പോള്‍ കാണുന്നില്ല. കോടതിയുടെ നിരീക്ഷണം ക്രിമിനല്‍ കേസ് വിചാരണയെ ബാധിക്കില്ലെന്നും ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. ദേശീയ സുരക്ഷ നിയമപ്രകാരം ഡോ. കഫീല്‍ ഖാനെ തടവിലിടുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെപ്റ്റംബര്‍ ഒന്നിന് അദ്ദേഹത്തെ മോചിപ്പിക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്.
എന്റെ സഹോദരന്റെ വിവാഹ ദിനം എന്നെ തടവിലിടാനുള്ള യുപി സര്‍ക്കാറിന്റെ നീക്കം പരാജയപ്പെട്ടെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. കോടതിയോടും തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരിയില്‍ അലിഗഢ് സര്‍വകലാശാലയില്‍ നടന്ന സിഎഎ വിരുദ്ധ സമരത്തില്‍ അപകടകരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് കഫീല്‍ഖാനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam