കൊവാക്സിൻ സുരക്ഷിതമെന്ന് ഭാരത് ബയോടെക്; അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ വിദഗ്ധ സമിതിയുടെ പരിഗണനയില്‍

By Web TeamFirst Published Dec 17, 2020, 2:51 PM IST
Highlights

ഇന്ത്യ  തദ്ദേശിയമായി വികസിപ്പിക്കുന്ന കൊവിഡ് വാക്സിനാണ് ഭാരത് ബയോടെകിന്‍റെ കൊവാക്സിന്‍. ഇപ്പോള്‍ കൊവാക്സിന്‍റെ  മൂന്നാഘട്ട പരീക്ഷണമാണ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. 

ദില്ലി: കൊവാക്സിന്‍ സുരക്ഷിതമെന്ന് ഒന്നാംഘട്ട പരീക്ഷണഫലത്തില്‍ വ്യക്തമായതായി ഭാരത് ബയോടെക്. പരീക്ഷണത്തിനിടെ ഗൗരവമുള്ള പ്രതികൂല സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും വാക്സിന്‍ പ്രതിരോധ ശേഷി വർധിപ്പിക്കുന്നുവെന്നുമാണ് കണ്ടെത്തല്‍. വാക്സിന്‍റെ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി ഭാരത് ബയോടെക് നല്‍കിയ അപേക്ഷ വിദഗ്ധ സമിതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. 

ഇതിനിടെയാണ് ആദ്യ ഘട്ടത്തിലെ പരീക്ഷണത്തില്‍ വാക്സിന്‍ സുരക്ഷിതമെന്ന് കണ്ടെത്തിയതായി കമ്പനി വ്യക്തമാക്കുന്നത്. 
ഇപ്പോള്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടി നൽകിയ അപേക്ഷയോടൊപ്പം ഒന്ന്, രണ്ട്  പരീക്ഷണങ്ങളിലെ ഇടക്കാല സുരക്ഷ, രോഗപ്രതിരോധ വിവരം എന്നിവ മാത്രമേ സമര്‍പ്പിച്ചിട്ടുള്ളു. അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമെങ്കില്‍ സുരക്ഷ, കൃത്യത സംബന്ധിച്ച വിവരങ്ങള്‍ കൂടി സമര്‍പ്പിക്കണമെന്ന് വിദഗ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യ  തദ്ദേശിയമായി വികസിപ്പിക്കുന്ന ആദ്യ വാക്സിനാണ് ഭാരത് ബയോടെകിന്‍റെ കൊവാക്സിന്‍. ഇപ്പോള്‍ കൊവാക്സിന്‍റെ  മൂന്നാഘട്ട പരീക്ഷണമാണ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. 

അതേ സമയം രാജ്യത്ത് രോഗമുക്തി നിരക്ക് 95 ലക്ഷത്തോട് അടുത്തു. 93. 31 ശതമാനമാണ് ഇന്നത്തെ രോഗമുക്തി നിരക്ക്. ഇന്ന്   24,010 പേർക്ക് കൂടി കോവിഡ് ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം  99,56,557 ആയി. 

click me!