
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സഹായധനം നൽകണമെന്ന് സുപ്രീംകോടതി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ സഹായധനം നൽകണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ദേശീയ ദുരന്ത നിവാരണ നിയമം അനുസരിച്ച് സഹായധനം ഉറപ്പാക്കുന്നതിൽ വലിയ വീഴ്ചയാണ് ഉണ്ടായതെന്ന് കോടതി വിമര്‍ശിച്ചു. കൊവിഡ് മഹാമാരി ഒരു ദുരന്തമായത് കൊണ്ട് മരിച്ചവരുടെ കുടുംബത്തിന് ദുരന്ത നിവാരണ നിയമത്തിലെ 12-ാം വകുപ്പ് പ്രകാരം സഹായധനത്തിന് അര്‍ഹതയുണ്ട്. അത് ഉറപ്പാക്കാൻ കേന്ദ്രസര്‍ക്കാര്‍ ഉടൻ നടപടികൾ തുടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
എത്ര തുക സഹായധനമായി നൽകണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. അതിന് ആറ് ആഴ്ചത്തെ സമയം കോടതി നൽകി. ആറ് മാസത്തിനകം സഹായധനം വിതരണം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗരേഖ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം തയ്യാറാക്കുകയും വേണം. മരണ സര്‍ട്ടിഫിക്കറ്റുകളിൽ കൊവിഡ് മരണങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. അതിൽ പിഴവുകൾ ഉണ്ടായാൽ അത് തിരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഇളവ് ചെയ്യണമെന്നും കോടതി വിധിച്ചു.
3, 98,000 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇവരുടെ കുടുംബത്തിന് നാലുലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകേണ്ടി വന്നാൽ 16,000 കോടി രൂപ കേന്ദ്രത്തിന് നീക്കിവെക്കേണ്ടിവരും. മാത്രമല്ല പ്രതിദിന കൊവിഡ് മരണം ആയിരത്തിനടുത്ത് ഇപ്പോഴും തുടരുമ്പോൾ സാമ്പത്തിക സഹായം നൽകുന്നത് പ്രായോഗികമല്ല എന്നതായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. സഹായം എന്നത് പണമായി തന്നെ നൽകേണ്ടതില്ലെന്നും അത് ചികിത്സാ സഹായമായി നൽകാമെന്നും കേന്ദ്രം വാദിച്ചെങ്കിലും അതെല്ലാം കോടതി തള്ളി. പണമായി തന്നെ സഹായം ഉറപ്പാക്കാൻ ദുരന്ത നിവാരണ നിയമപ്രകാരമുള്ള ബാധ്യതയാണ് സര്‍ക്കാര്‍ നിറവേറ്റേണ്ടതെന്ന് കോടതി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam