നടിയെ ആക്രമിച്ച കേസ്: വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു

By Web TeamFirst Published May 3, 2019, 2:08 PM IST
Highlights

മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി വേനലവധിക്ക് ശേഷം സുപ്രീം കോടതി പരിഗണിക്കും.

ദില്ലി: നടിയെ ആക്രമിച്ച കേസിലെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉൾകൊള്ളുന്ന മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് വിചാരണ സ്റ്റേ ചെയ്യാൻ സുപ്രിം കോടതി തീരുമാനിച്ചത്. മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി വേനലവധിക്ക് ശേഷം സുപ്രീം കോടതി പരിഗണിക്കും. ജൂലൈ മൂന്നാം വാരമാകും ഹർജി വീണ്ടും പരിഗണിക്കുക.

മെമ്മറി കാ‍ർഡ് തൊണ്ടി മുതലാണെന്ന് സംസ്ഥാന സർക്കാർ വാക്കാൽ കോടതിയെ അറിയിച്ചിരുന്നെങ്കിലും രേഖാമൂലം കോടതിയെ ബോധിപ്പിച്ചിരുന്നില്ല. വിഷയത്തിൽ ഇന്ന് തന്നെ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കോടതി ഇന്നലെ അറിയിച്ചിരുന്നു. പക്ഷെ ഇന്നും ഇക്കാര്യത്തിൽ ഒരു വ്യക്തമായ നിലപാട് സുപ്രീം കോടതിയെ അറിയിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല.

ഈ സാഹചര്യത്തിലാണ് കേസ് ജൂലൈ മാസത്തിലേക്ക് മാറ്റിവെക്കുന്നതായി കോടതി അറിയിച്ചത്. ജൂലൈ മാസം കേസിൽ വീണ്ടും വാദം കേൾക്കുമ്പോൾ മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് സംസ്ഥാന സർക്കാർ കൃത്യമായി വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

click me!