
ദില്ലി: രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക 49,194.05 കോടി രൂപയായി ഉയർന്നതോടെ കടുത്ത നടപടികളിലേക്ക് കടക്കാൻ സുപ്രീം കോടതി നിർദ്ദേശം. ഇ-ചെല്ലാൻ തുക അടക്കാത്ത വാഹന ഉടമകൾക്കെതിരെ റോഡുകളിൽ അപ്രതീക്ഷിത പരിശോധന നടത്താനും, പിഴ അടച്ചുതീർക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്.
പിഴ ഒടുക്കാത്ത വാഹന ഉടമകൾക്ക് നൽകുന്ന വിവിധ മോട്ടോർ വാഹന സേവനങ്ങൾ നിർത്തിവെക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകി. വാഹനം വിൽക്കാനോ ഉടമസ്ഥാവകാശം കൈമാറാനോ സാധിക്കാത്ത വിധം 'പരിവാഹൻ' പോർട്ടലിൽ ഇത്തരം വാഹനങ്ങളെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും. കൂടാതെ, കുടിശ്ശിക തീർപ്പാക്കാതെ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ആർ.സി, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് എന്നിവ നൽകരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇ-ചെല്ലാനുകൾ വെറുതെ അയച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, പിഴത്തുക കൃത്യമായി ഈടാക്കാൻ അധികാരികൾക്ക് കഴിയണമെന്നും കോടതി നിരീക്ഷിച്ചു. ഇത്രയും വലിയ തുക പിഴയിനത്തിൽ കുടിശ്ശിക കിടക്കുന്നത് നിസ്സാരമായി കാണാനാകില്ല. വൻതോതിൽ നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നത് തടയുന്നതുൾപ്പെടെയുള്ള കർശനമായ രീതികൾ നടപ്പിലാക്കാനും സംസ്ഥാനങ്ങളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam